കൊച്ചി: ഇന്ന് ലോക ഭക്ഷ്യ ദിനം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം പതിവായി ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നതിന് ഈ ദിനം ആചരിക്കുന്നു. ജലം ജീവനാണ്, ജലം ഭക്ഷണമാണ് എന്ന ആശയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ഭക്ഷ്യദിനം ആചരിക്കുന്നത്.
ജീവൻ നിലനിർത്താനായും മാനസിക ഉല്ലാസത്തിനായുമൊക്കെ മനുഷ്യൻ ഭക്ഷണം കഴിക്കാറുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ആഹാരം ഒരു മനുഷ്യാവകാശമാണെന്ന ചിന്തയും. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ആവശ്യമായ ഒന്നാണ് ഭക്ഷണം.
എല്ലാവർക്കും നല്ല ഭക്ഷണം നൽകി കൂടുതൽ സുസ്ഥിരമായ ഒരു ലോകം കെട്ടിപ്പടുക്കുക, പട്ടിണി അനുഭവിക്കുന്നവർക്കും എല്ലാവർക്കും ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും വേണ്ടി ലോകമെമ്പാടുമുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുക, പോഷകാഹാരക്കുറവ്, പൊണ്ണത്തടി എന്നിവയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിന് നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തുക എന്നിവയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.
യുണൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ 1945-ലാണ് സ്ഥാപിതമാകുന്നത്. 1979-ൽ,ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ കോൺഫറൻസിൽ, ലോക ഭക്ഷ്യദിനം എന്ന ആശയം ഔദ്യോഗികമായി അംഗീകരിച്ചു. ഇന്ത്യ ഉൾപ്പടെ നൂറ്റിയമ്പതോളം രാജ്യങ്ങൾ ഇന്ന് ലോകത്ത് ഭക്ഷ്യദിനം ആചരിക്കുന്നു.
ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങളുടെ പട്ടികയിൽ 111-ാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ടതാണ് ലോക ഭക്ഷ്യ ദിനം.സ്വാതന്ത്ര്യത്തിന് ശേഷം ഹരിത വിപ്ലവും ധവള വിപ്ലവും പോലെയുള്ള പദ്ധതികളിലൂടെ ഭക്ഷ്യ ക്ഷാമത്തെ അതിജീവിക്കാൻ ഒരു പരിധിവരെ രാജ്യത്തിന് കഴിഞ്ഞെങ്കിലും അതിന്റെ ഗുണം മുഴുവൻ ജനങ്ങളിലേക്കും എത്തിക്കാൻ പൂർണ്ണമായും സാധിച്ചിട്ടില്ല. ഈ ഭക്ഷ്യ ദിനം അത്തരം പരിശ്രമങ്ങൾക്കായി മാറ്റിവയ്ക്കാം.