'ഹമാസിന്റെ വളർച്ചയുടെ ഉത്തരവാദി ബെഞ്ചമിൻ നെതന്യാഹു'; വേണ്ടത് സമാധാനമെന്നും ഇസ്രയേൽ മുൻ പ്രധാനമന്ത്രി

സാധാരണക്കാരെ കൊല്ലുന്നതിൽ താത്പര്യമില്ലെന്നും ഹമാസുമായി നയതന്ത്ര ചർച്ച സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും ഒൽമെർട്ട്

dot image

ഡൽഹി: ഏറ്റവും കൂടുതൽ കൂട്ടക്കൊല നടത്തുന്നതാരെന്ന് തെളിയിക്കാനുള്ള മത്സരമല്ല പശ്ചിമേഷ്യയിലേതെന്ന് ഇസ്രയേൽ മുൻ പ്രധാനമന്ത്രി എഹുദ് ഒൽമെർട്ട്. നാശനഷ്ടങ്ങൾ കുറയ്ക്കാൻ ശ്രമിക്കണം. സാധാരണക്കാരെ കൊല്ലുന്നതിൽ താത്പര്യമില്ലെന്നും ഹമാസുമായി നയതന്ത്ര ചർച്ച സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും ഒൽമെർട്ട് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കുറ്റപ്പെടുത്തിയും അദ്ദേഹം രംഗത്തെത്തി. പലസ്തീനെതിരായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഹമാസ് ശക്തിപ്രാപിച്ചതിൽ ഉത്തരവാദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ്. 80 ശതമാനം ആളുകളും നെതന്യാഹുവിനെ പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നു'വെന്നും മുൻ പ്രധാനമന്ത്രി ഏരിയൽ ഷാരോണിന്റെ കദിമ പാർട്ടി നേതാവ് കൂടിയായ എഹുദ് ഒൽമെർട്ട് വ്യക്തമാക്കി.

'സമാധാനമാണ് വേണ്ടത്, പക്ഷേ അവിടെ ഹമാസ് ഉണ്ടെങ്കിൽ സമാധാനം ഉണ്ടാകില്ല. ജനങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്ന് അറിയാം, പക്ഷേ ഹമാസ് അവരെ രക്ഷപ്പെടാൻ അനുവദിക്കുന്നില്ല. ഹമാസിനെ ആ സ്ഥാനത്തുനിന്ന് നീക്കാൻ നമ്മൾ ശ്രമിക്കണം. സമാധാനം പുലരാൻ പ്രധാനമായി ചെയ്യേണ്ടത് ഇതാണ്' എന്നും ഒൽമെർട്ട് പറഞ്ഞു. ഒരു ഇസ്രയേലി സൈനികന് പകരമായി ഹമാസിന്റെ ആയിരം കൊലയാളികളെ മോചിപ്പിച്ചു. ഇതിന് ഉത്തരവാദി ബെഞ്ചമിൻ നെതന്യാഹുവാണെന്നും എഹുദ് ഒൽമെർട്ട് ആരോപിച്ചു.

ഇതിനിടെ ഗാസയിൽ ആശുപത്രിയിൽ കഴിഞ്ഞ രാത്രിയുണ്ടായ വ്യോമാക്രമണത്തിൽ 500 ലേറെ പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തോളം പേർക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ക്യാമ്പിലും ആക്രമണമുണ്ടായി. സംഭവത്തെ ലോക രാഷ്ട്രങ്ങൾ ശക്തമായി അപലപിച്ചു. നിഷ്ഠൂരമായ കൂട്ടക്കൊലയെന്ന് ഖത്തറും പലസ്തീനെതിരായ ആക്രമണം യുദ്ധക്കുറ്റമെന്ന് ജോർദ്ദാനും ആരോപിച്ചു. എന്നാൽ വ്യോമാക്രമണം നടത്തിയത് തങ്ങളല്ലെന്ന വാദത്തിലാണ് ഇസ്രയേൽ. ഹമാസ് തന്നെയാണ് ഗാസയിൽ ആക്രമണം നടത്തിയതെന്ന വാദവും ഇസ്രയേൽ ഉന്നയിക്കുന്നു.

ഗാസ ആശുപത്രി ആക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങൾ; നിഷ്ഠൂര കൂട്ടക്കൊലയെന്ന് ഖത്തർ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us