ടെല് അവീവ്: ഇസ്രയേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രയേലിൽ എത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദർശത്തിന് എത്തിയ സുനക് ഈജിപ്തും ഖത്തറും സന്ദർശിക്കാനും സാധ്യതയുണ്ട്. ഇസ്രയേല്- ഹമാസ് സംഘർഷം കുറയ്ക്കുന്നതിന് ലോകരാജ്യങ്ങള് ഇടപെടലുകള് നടത്തികൊണ്ടിരിക്കുന്നതിനിടയിലാണ് സുനക് ഇസ്രയേലില് എത്തുന്നത്.
ഗാസയിൽ മാനുഷിക സഹായം എത്തിക്കാൻ സുനക് സമ്മർദ്ദം ചെലുത്തുമെന്നാണ് പ്രതീക്ഷ. യുദ്ധത്തിൽ ആളുകൾ കൊല്ലപ്പെടുന്നത് ദുഖകരമാണെന്നും ഹമാസിന്റെ ഭീകരാക്രമണത്തെ തുടർന്ന് നിരവധി പേർക്കാണ് ജീവന് നഷ്ടമായതെന്നും യാത്രയ്ക്ക് മുന്നോടിയായി ഋഷി സുനക് പറഞ്ഞിരുന്നു.
ഗാസയിൽ മാനുഷിക പരിഗണന വേണമെന്ന യുഎൻ രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്തു . ബ്രസീൽ ആണ് പ്രമേയം കൊണ്ടു വന്നത്. റഷ്യയും ബ്രിട്ടനും വിട്ടുനിന്നു. സ്ഥിരാംഗമായ അമേരിക്ക വീറ്റോ ചെയ്തതിനാൽ പ്രമേയം പാസാക്കാനായില്ല. 12 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തെ മാനിക്കണമെന്നായിരുന്നു അമേരിക്കയുടെ നിലപാട്.
വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള റഷ്യയുടെ പ്രമേയവും കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സ്ഥിരാംഗമായ അമേരിക്ക വീറ്റോ ചെയ്തതിനാൽ പ്രമേയം പാസാക്കാനായില്ല. ഇസ്രയേൽ പൗരന്മാരെ ബന്ദികളാക്കിയത് അംഗീകരിക്കാനാവില്ലെന്നും ഹമാസിൻ്റേത് ഭീകാരക്രണമാണെന്നും അമേരിക്ക നിലപാടെടുത്തു.
അതേസമയം ഗാസയിലേയ്ക്കുള്ള സഹായ ഇടനാഴി തുറക്കാന് ധാരണയായി. ഈജിപ്തിൽ നിന്ന് റഫ അതിർത്തി തുറന്ന് ഭക്ഷണവും വെള്ളവും അവശ്യ മരുന്നുകളും ഗാസയില് എത്തിക്കും. ആദ്യ ഘട്ടത്തിൽ 20 ട്രക്കുകൾ ഭക്ഷണവും വെള്ളവുമായി എത്തും. പ്രതിദിനം നൂറ് ട്രക്കുകൾ വീതം എത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. സഹായ ഇടനാഴിക്ക് ഇസ്രയേൽ അനുമതി നൽകിയിരുന്നു.