ഒട്ടാവ: ഇന്ത്യയില് നിന്ന് കൂടുതല് കനേഡിയന് നയതന്ത്രജ്ഞരെ തിരിച്ചയക്കാനുള്ള തീരുമാനം ഇരുരാജ്യങ്ങളിലെയും ലക്ഷകണക്കിന് മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. നയതന്ത്ര പരിരക്ഷ പിന്വലിക്കുമെന്ന ഇന്ത്യയുടെ പ്രതികരണത്തെ തുടര്ന്ന് കഴിഞ്ഞ ദിവസം 41 നയതന്ത്രജ്ഞരെ കാനഡ തിരികെ വിളിച്ചിരുന്നു.
ഇന്ത്യയിലെയും കാനഡയിലെയും ലക്ഷകണക്കിന് പേരുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നതാണ് ഇന്ത്യയുടെ തീരുമാനം. നയതന്ത്ര ബന്ധത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ പോലും മാനിക്കാതെയുള്ള നീക്കമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നും ജസ്റ്റിന് ട്രൂഡോ പറഞ്ഞു.
ഇന്ത്യയില് വേരുള്ള നിരവധി ആളുകള് കാനഡയിലുണ്ട്. അവരുടെ സന്തോഷം കൂടി ഇല്ലാതാക്കുന്ന രീതിയിലാണ് ഇന്ത്യയുടെ നീക്കങ്ങള്. നയതന്ത്രജ്ഞരെ നീക്കിയത് ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്ര, വ്യാപാരം എന്നിവയെയും കാനഡയില് പഠിക്കുന്ന വിദ്യാര്ത്ഥികളെയും പ്രതികൂലമായി ബാധിക്കും.