വത്തിക്കാൻ സിറ്റി: ലോകത്തെ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി റിപ്പോർട്ട്. 2021 ൽ 1.62 കോടി വർധനയുണ്ടായതായാണ് വത്തിക്കാൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ലോക ജനസംഖ്യാ വളർച്ചയ്ക്കനുസരിച്ച് കത്തോലിക്കരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നില്ലെന്നും നേരിയ കുറവാണ് ഉണ്ടായിട്ടുള്ളതെന്നും വത്തിക്കാൻ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
2020 ൽ ലോക ജനസംഖ്യയുടെ 17.7 ശതമാനം കത്തോലിക്കരാണ് ഉണ്ടായിരുന്നതെങ്കിൽ 2021 ൽ 17.67 ശതമാനം കത്തോലിക്കരെന്ന തോതിലേക്ക് കുറഞ്ഞു. ആഫ്രിക്കയിലാണ് കത്തോലിക്കരുടെ എണ്ണത്തിൽ ഏറ്റവും വർധനയുണ്ടായിരിക്കുന്നത്. 83 ലക്ഷത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഏഷ്യയിൽ ഇത് 14 ലക്ഷവും അമേരിക്കയിൽ 62 ലക്ഷത്തിന്റെയും വർധനയുണ്ടായി. എന്നാൽ യൂറോപ്പിൽ 2.44 ലക്ഷം പേരുടെ കുറവുണ്ടായി. 2020 വർഷത്തിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണവുമായി താരതമ്യം ചെയ്താണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
ബിഷപ്പുമാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 2020 ലേതിനേക്കാൾ 5340 പേരുണ്ടായിരുന്നിടത്ത് 23 പേരുടെ കുറവാണ് 2021 ൽ ഉണ്ടായിരിക്കുന്നത്. വൈദികരുടെ എണ്ണവും കുറഞ്ഞു. നിലവിൽ 4,07,872 വൈദികരാണ് ഉള്ളത്. 2347 വൈദികരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ആഫ്രിക്കയിലും ഏഷ്യയിലും വൈദികരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഏഷ്യയിൽ 719, ആഫ്രിക്കയിൽ 1518 എന്നിങ്ങനെയാണ് ഉണ്ടായിരിക്കുന്ന വർധന. എന്നാൽ യൂറോപ്പിൽ 3632, അമേരിക്കയിൽ 963 എന്നിങ്ങനെ വൈദികരുടെ എണ്ണത്തിൽ കുറവുണ്ടായി. കന്യാസ്ത്രീകളുടെ എണ്ണത്തിലും ഏഷ്യയിലും ആഫ്രിക്കയിലുമാണ് വർധനയുണ്ടായിരിക്കുന്നത്. 2275 കന്യാസ്ത്രീകൾ ആഫ്രിക്കയിലും 366 പേർ ഏഷ്യയിലും വർധിച്ചു. യൂറോപ്പിലും അമേരിക്കയിലും കന്യാസ്ത്രീകളുടെ എണ്ണത്തിലും കുറവാണ് സംഭവിച്ചിരിക്കുന്നത്. യുറോപ്പിൽ 7804, അമേരിക്കയിൽ 5185 എന്നിങ്ങനെ കുറവാണ് ഉണ്ടായിരിക്കുന്നത്.