സിംഗപ്പൂർ: വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യൻ പൗരന് 16 വർഷം തടവും 12 ചാട്ടവാറടിയും വിധിച്ച് സിംഗപ്പൂർ കോടതി. 26-കാരനായ ചിന്നയ്യക്കെതിരെയാണ് സിംഗപ്പൂർ കോടതി ശിക്ഷ വിധിച്ചത്. ക്ലീനിങ് ജോലി ചെയ്യുന്ന ചിന്നയ്യക്കെതിരെ തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയവയുൾപ്പെടെയുള്ള കുറ്റങ്ങളും ചുമത്തി.
2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയിൽ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർഥിനിക്ക് ചിന്നയ്യ തെറ്റായ ദിശ പറഞ്ഞു നൽകുകയും മർദിക്കുകയുമായിരുന്നു. തുടർന്ന് അടുത്തുള്ള കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. ക്രൂരമായി ഉപദ്രവിക്കപ്പെട്ട യുവതിയുടെ മുഖത്തും സാരമായി പരുക്കറ്റു. കഴുത്ത് ഞെരിച്ച പാടുകൾ ഉൾപ്പെടെ പെൺകുട്ടിയുടെ ദേഹത്തുണ്ടായിരുന്നു.
പീഡനത്തിനുശേഷം ചിന്നയ്യ ഉപേക്ഷിച്ചുപോയപ്പോൾ പെൺകുട്ടി ഫോൺ വിളിച്ച് സുഹൃത്തിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു. 2019 മെയ് അഞ്ചിനാണ് ചിന്നയ്യ അറസ്റ്റിലായത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്നതുൾപ്പെടെയുള്ള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ശിക്ഷ വിധിച്ചത്.