കാഠ്മണ്ഡു: നേപ്പാളിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തിൽ 69 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയാണ് പടിഞ്ഞാറൻ നേപ്പാളിൽ റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി വീടുകൾ തകർന്നതായും നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരുടെ അടിയന്തിര രക്ഷാപ്രവര്ത്തനത്തിനായി മൂന്ന് സുരക്ഷാ ഏജന്സികള്ക്ക് നിര്ദേശം നല്കിയതായി നേപ്പാള് പ്രധാനമന്ത്രി പുഷ്പ കമാല് ദഹാല് അറിയിച്ചു.
അതേസമയം, നേപ്പാളില് ഭൂചലനമുണ്ടായ പ്രദേശത്തു നിന്ന് 500 കിലോമീറ്ററോളം അകലെയുള്ള ഡല്ഹിയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി വിവരമുണ്ട്. അര്ദ്ധരാത്രി പലരും ഉറക്കത്തിലായിരുന്ന സമയത്താണ് ഭൂചലനം അനുഭവപ്പെട്ടത്. യുപി, ഡൽഹി, ബിഹാര് എന്നീ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
ഒക്ടോബർ ആദ്യത്തോടെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്ത് അനുഭവപ്പെട്ടിരുന്നു. എട്ട് വർഷത്തിനിടെ നേപ്പാളിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് വെള്ളിയാഴ്ചയുണ്ടായത്. 2015 ഏപ്രിലിലെ ഭൂചലനത്തിൽ പതിനായിരത്തോളം പേർക്ക് ജീവൻ നഷ്ടമായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളും മറ്റ് ചരിത്ര സ്മാരകങ്ങളും തകർന്നടിഞ്ഞിരുന്നു.