ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11,000 തിലധികമാണ്. ഈ യുദ്ധം അവസാനിക്കുമ്പോൾ ഗാസയുടെ ഭരണം ആർക്കായിരിക്കും എന്ന ചോദ്യം പലർക്കുമുണ്ട്. 2007 ലാണ് ഹമാസ് 24 ലക്ഷം ജനങ്ങളുളള ഗാസയുടെ ഭരണം പിടിച്ചെടുക്കുന്നത്. അതിനുശേഷം ഇസ്രയേൽ ഗാസയ്ക്ക് മേൽ കർശനമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.
ഗാസയെ വീണ്ടും പിടിച്ചെടുക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഗാസ ഭരിക്കാൻ ആഗ്രഹിക്കുന്നില്ല. തങ്ങൾക്കും ഗാസയ്ക്കും നല്ല ഭാവി നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു. ഗാസയിൽ ഒരു സിവിലിയൻ സർക്കാരിനെ കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 1967 ൽ ഇസ്രയേൽ ഗാസയെ പിടിച്ചെടുത്തിരുന്നു. 2005 ലാണ് ഇസ്രയേൽ പ്രദേശത്തെ ഭരണം പലസ്തീൻ അതോറിറ്റി(പിഎ)യെ ഏൽപ്പിച്ച് അവിടെ നിന്ന് പോയത്.
അതിനിടെ ഗാസയുടെ നിയന്ത്രണം ഹമാസിൽ നിന്ന് പിഎ ഏറ്റെടുക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ നിലവിൽ പലസ്തീൻ അതോറിറ്റിക്ക് ഭാഗികമായ ഭരണ അധികാരമുണ്ട്. എന്നാൽ ദശാബ്ദങ്ങളായുളള ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് പരിഹാരം കണ്ടെത്തിയാൽ മാത്രമേ പിഎയ്ക്ക് ഗാസയിൽ അധികാരം ഏറ്റെടുക്കാൻ കഴിയൂ എന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ബ്ലിങ്കന് മറുപടി നൽകിയിരുന്നു.
'ഇസ്ലാമിക രാജ്യങ്ങൾ ഇസ്രയേലിനെ ഉപരോധിക്കണം'; ഇറാൻഎന്നാൽ ഒരു പാവസർക്കാരിനെ അംഗീകരിക്കില്ലെന്നും പ്രദേശത്ത് തുടരുമെന്നും ഹമാസ് നേതാവ് ഒസാമ ഹംദാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അധിനിവേശത്തെ പിന്തുണക്കുന്ന ഒരു ഭരണം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ അമേരിക്ക അടിച്ചേൽപ്പിക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും ഒസാമ ഹംദാൻ പറഞ്ഞു. പലസ്തീൻ ജനതയിൽ നിന്ന് പൂർണ്ണമായി ഹമാസിനെ ഒഴിവാക്കാൻ സാധിക്കില്ലെന്ന് മുൻ ഹമാസ് നേതാവ് സലേഹ് അൽ അരൂരി അഭിപ്രായപ്പെടുന്നു. ഹമാസിന് ശേഷം എന്ന് പറയുമ്പോൾ അത് പലസ്തീന് ശേഷം എന്ന് കൂടി അതിന് അർത്ഥമുണ്ടെന്ന് സലേഹ് അൽ അരൂരി പറഞ്ഞു.