പലസ്തീനിലെ ഇസ്രയേൽ കുടിയേറ്റത്തിനെതിരെയുള്ള യുഎൻ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ

ഏഴ് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. 18 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു

dot image

ന്യൂഡൽഹി: പലസ്തീനിലെ ഇസ്രയേൽ കുടിയേറ്റത്തിനെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. ഇന്ത്യ അടക്കമുള്ള 145 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള അധിനിവേശ പലസ്തീൻ പ്രദേശത്തും അധിനിവേശ സിറിയൻ ഗോലനിലും അനധികൃത കുടിയേറ്റ പ്രവർത്തനങ്ങളെ അപലപിച്ചുകൊണ്ടുള്ള പ്രമേയം വ്യാഴാഴ്ച അംഗീകരിച്ചു.

ഏഴ് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. യുഎസ്, കാനഡ, ഹംഗറി, ഇസ്രായേൽ, മാർഷൽ ദ്വീപുകൾ, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ, നൗറു എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. 18 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

നേരത്തെ ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ കൊണ്ടുവന്ന പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഇന്ത്യക്ക് പുറമെ ജർമ്മനി, ജപ്പാൻ, ഇറ്റലി, നെതർലാൻഡ്, യുക്രെയ്ൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഹമാസിനെ അപലപിച്ചും ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും അവതരിപ്പിച്ച മറ്റൊരു പ്രമേയത്തിൽ ഇന്ത്യ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.

ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് ശേഷം ഗാസ ആര് ഭരിക്കും? മറുപടിയുമായി നെതന്യാഹു

അതേസമയം 11,000 തിലധികം ആളുകളാണ് ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്. ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്നാണ് യുഎൻ കണക്കുകൾ പറയുന്നത്. ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്തതെന്ന് ഇസ്രയേൽ അറിയിച്ചു. 27,490 പേർക്ക് ആക്രമണങ്ങളിൽ ഇതുവരെ പരിക്കേറ്റിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us