ടെല് അവീവ്: ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് കടുത്ത ഭാഷയില് മറുപടി നൽകി ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതനാഹ്യു. ഇസ്രയേൽ പരമാവധി സംയമനം പാലിക്കണമെന്ന് ട്രൂഡോ അഭ്യര്ഥിച്ചിരുന്നു. ഇസ്രയേല് അല്ല, ഹമാസാണ് ആക്രമണങ്ങള്ക്ക് ഉത്തരവാദിയെന്നാണ് നെതന്യാഹു ഇതിനോട് പ്രതികരിച്ചത്.
'ഇസ്രയേൽ പരമാവധി സംയമനം പാലിക്കണം, അഭ്യർത്ഥിക്കുകയാണ്. ഗാസയിൽ നടക്കുന്നതെല്ലാം ടെലിവിഷനിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ലോകം കാണുന്നുണ്ട്. ആക്രമണങ്ങള്ക്ക് ഇരയായ കുടുംബങ്ങളുടെ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിലാപങ്ങള് നമ്മള് കേള്ക്കുന്നു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കുന്നതിന് ലോകം സാക്ഷിയാകുന്നു. ഇത് അവസാനിപ്പിച്ചേ മതിയാകൂ' - വാര്ത്താ സമ്മേളനത്തിനിടെ ട്രൂഡോ ആവശ്യപ്പെട്ടിരുന്നു.
ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ കടന്നു കയറി ഇസ്രയേൽ സൈന്യം; ഗാസയിലേക്ക് ഇന്ധനമെത്തിക്കാൻ ഇസ്രയേല് അനുമതിഇതിനോടാണ് നെതനാഹ്യു പ്രതികരിച്ചിരിക്കുന്നത്. സാധാരണക്കാരെ കൊന്നൊടുക്കുന്നത് ഇസ്രയേലല്ലെന്നും ഹമാസാണെന്നും നെതനാഹ്യു ആരോപിച്ചു. നാസികള് നടത്തിയ കൂട്ടക്കൊലയ്ക്ക് ശേഷം ജൂതന്മാര്ക്ക് നേരെയുണ്ടായ ഏറ്റവും ഭീകരമായ ആക്രമണമാണിത്. സാധാരണക്കാരെ സംരക്ഷിക്കാന് ഇസ്രയേല് ശ്രമിക്കുമ്പോള് ഹമാസ് അവരെ ആക്രമിക്കുകയാണ്. ഹമാസിന്റെ ക്രൂരത അവസാനിപ്പിക്കാന് ഇസ്രയേലിനെ പിന്തുണയ്ക്കണമെന്നും നെതനാഹ്യു ആവശ്യപ്പെട്ടു. ഗാസയിലെ പൗരന്മാർക്ക് ഇസ്രയേൽ മാനുഷിക ഇടനാഴികളും സുരക്ഷിത മേഖലകളും നൽകുന്നുണ്ട്. എന്നാൽ, ഹമാസ് അവരെ തോക്കിൻ മുനയിൽ നിർത്തി, രക്ഷപ്പെടുന്നതിൽ നിന്ന് തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.