ജനീവ: ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും മറ്റൊരു പകർച്ചവ്യാധി കൂടി. സ്കൂളുകളിൽ പടർന്നുപിടിക്കുന്ന 'നിഗൂഢ ന്യുമോണിയ'യാണ് പുതിയ രോഗം. പനി, ചുമ, ശ്വാസ തടസം തുടങ്ങിയവയാണ് ലക്ഷണങ്ങള്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലുമാണ് സ്കൂൾ കുട്ടികളിൽ രോഗം പടരുന്നത്. ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞ സ്ഥിതിയാണുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മിക്ക സ്കൂളുകളും വിദ്യാർഥികളില്ലാത്തതിനാൽ അടിച്ചടേണ്ട അവസ്ഥയാണ്. രാജ്യത്ത് പടർന്നുപിടിക്കുന്ന അസുഖത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. രോഗവ്യാപനം കുറയ്ക്കുന്നതിന് നടപടികൾ കൈക്കൊള്ളണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
മനുഷ്യരിലും മൃഗങ്ങളിലും പകര്ച്ച വ്യാധികള് നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമായ പ്രോമെഡ് (ProMed) കുട്ടികളില് പടരുന്ന ന്യൂമോണിയയെ കുറിച്ച് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മുതിര്ന്നവരെ ഈ രോഗം ബാധിച്ചതായി റിപ്പോര്ട്ടുകളില്ലെന്നും പ്രോമെഡ് അറിയിച്ചു. എന്നാല് ഇത് മറ്റൊരു മഹാമാരി ആകുമോ എന്ന് ഇപ്പോള് പറയാനാവില്ലെന്നും ആരോഗ്യ വിദഗ്ധര് പറയുന്നു.