ദുബായ്: എമിറേറ്റില് നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചക്കോടിയില് ഫ്രാന്സിസ് മാര്പാപ്പ പങ്കെടുക്കില്ല. വെള്ളിയാഴ്ച ദുബായിലേക്ക് തിരിക്കാനിരുന്ന മാര്പാപ്പ യാത്ര റദ്ദാക്കിയതായി വത്തിക്കാന് അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്ന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നില്ല. ആരോഗ്യനിലയില് പുരോഗതിയുണ്ടെങ്കിലും യാത്ര ഒഴിവാക്കണമെന്ന ഡോക്ടര്മാരുടെ നിര്ദേശം കണക്കിലെടുത്താണ് തീരുമാനമെന്ന് വത്തിക്കാനിലെ വക്താവ് മറ്റെയോ ബ്രൂണി പ്രസ്താവനയില് അറിയിച്ചു.
ഡിസംബര് ഒന്ന് മുതല് മൂന്ന് വരെ കാലാവസ്ഥ ഉച്ചകോടിയില് പങ്കെടുക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. മൂന്നിന് ഫെയ്ത് പവലിയന്റെ ഉദ്ഘാടന ചടങ്ങില് പങ്കെടുത്തശേഷം മടങ്ങാനായിരുന്നു തീരുമാനം. ലോകനേതാക്കളുമായി ഉഭയകക്ഷി ചര്ച്ചകള് നടത്തുമെന്നും നേരത്തെ വത്തിക്കാന് അറിയിച്ചിരുന്നു.
യുഎൻ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 28-ന് ദുബായിൽ തുടക്കമായി. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി ദുബായിലെത്തും. കനത്ത സുരക്ഷാ വലയത്തിലാണ് ഉച്ചകോടി നടക്കുന്നത്. നഗരത്തിൽ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.