വത്തിക്കാന് സിറ്റി: സ്വവര്ഗപങ്കാളികളെ അനുഗ്രഹിക്കാന് കത്തോലിക്കാ വൈദികര്ക്ക് വത്തിക്കാന്റെ അനുമതി. ഇതിനായുള്ള വിശ്വാസപ്രമാണങ്ങളില് ഭേദഗതി വരുത്തിയുള്ള രേഖയിൽ മാര്പാപ്പ ഒപ്പുവെച്ചു. അനുഗ്രഹം നല്കുന്നതുമായി ബന്ധപ്പെട്ട നിലപാട് വിശാലവും സമ്പന്നവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വത്തിക്കാൻ വ്യക്തമാക്കി.
അനുഗ്രഹത്തിലൂടെ ദൈവസഹായം തേടുന്ന സാഹചര്യങ്ങളില് ആളുകളുമായുയുള്ള സഭയുടെ അടുപ്പം തടയുകയോ നിരോധിക്കുകയോ ചെയ്യരുതെന്നും പറയുന്നുണ്ട്. അതേസമയം രേഖയിൽ സ്വവർഗ വിവാഹം നടത്തികൊടുക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
വത്തിക്കാൻ്റെ പുതിയ തീരുമാനം വിപ്ലവകരമായ മാറ്റമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ദൈവത്തിന്റെ കരുണയും സ്നേഹവും ആഗ്രഹിക്കുന്നവരെ സമഗ്രമായ സദാചാര വിശകലനത്തിന് വിധേയമാക്കേണ്ടതില്ലെന്നാണ് വത്തിക്കാന്റെ പുതിയ തീരുമാനത്തില് വിശദീകരിക്കുന്നത്. നേരത്തെ സ്വവര്ഗപങ്കാളികളെ അനുഗ്രഹിക്കില്ലെന്ന നിലപാടായിരുന്നു വത്തിക്കാൻ്റേത്.