മിലാഗ്രോ....; 2023 ലെ അത്ഭുത കുട്ടികൾ

നിർജ്ജലീകരണവും പ്രാണികൾ കടിച്ച പാടുകളുമൊഴിച്ചാൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ കുട്ടികൾക്ക് ഉണ്ടായിരുന്നില്ല

dot image

2023 അവസാനിക്കുമ്പോൾ ലോകം ഓർത്തിരിക്കേണ്ട ഒരു അതിജീവനത്തിന്റെ കഥയാണ് ആമസോൺ കാട്ടിൽ നിന്ന് രക്ഷപ്പെട്ട നാലു അത്ഭുത കുട്ടികളുടെ കഥ. 2023 ജൂൺ ഒമ്പതിനാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കിയ ആകാംഷയോടെ കാത്തിരുന്ന ആ സന്തോഷ വാർത്ത വരുന്നത്. മിലാഗ്രോ... മിലാഗ്രോ (അത്ഭുതം) കൊളംബിയൻ ആർമി റേഡിയോയിൽ ഉയർന്നു കേട്ട ആ ശബ്ദം ലോകത്തെ ഏറെ സന്തോഷിപ്പിക്കുന്നതായിരുന്നു.

ചെറു വിമാനം തകർന്ന് വീണ് ആമസോൺ കാട്ടിൽ അകപ്പെട്ട നാലു കുട്ടികളെ സുരക്ഷിതരായി കണ്ടെത്തിയതായിരുന്നു ലോകത്തെ സന്തോഷിപ്പിച്ച ആ വാർത്ത. 40 ദിവസത്തിന് ശേഷമാണ് ഘോര വനത്തിനുളളിൽ നിന്ന് ആ നാല് അത്ഭുത കുട്ടികളെ കണ്ടെത്തുന്നത്.

മെയ് ഒന്നിന് കൊളംബിയയിലെ അരരാക്കുവാരയിൽ നിന്ന് പറന്നുയർന്ന സെസ്ന 206 എന്ന ചെറുവിമാനമാണ് കാകെറ്റ പ്രവശ്യയിലെ ആമസോൺ ഉൾകാട്ടിൽ തകർന്ന് വീണത്. 350 കിലോമീറ്റർ താണ്ടിയതിന് ശേഷം വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് 15 ദിവസത്തിന് ശേഷം ഉൾകാട്ടിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. നാലു കുട്ടികളടക്കം ഏഴു പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകർന്ന് വീണ് മൂന്ന് പേർ മരിച്ചതായും നാലു കുട്ടികളെ കാണാതായതായും വാർത്ത പരന്നു.

തങ്ങളുടെ അച്ഛൻ മാനുവൽ റാനോക്കിനെ കാണാനായിരുന്നു മാതാവിനൊപ്പമുളള കുട്ടികളുടെ യാത്ര. കുട്ടികളുടെ മാതാവായ മദ്ഗലീന മക്കറ്റൈ, വിമാനത്തിന്റെ പൈലറ്റ് ഹെർനാണ്ടോ മർസിയ മൊറാലിസ്, ഗോത്ര നേതാവ് ഹെർമൻ മെൻഡോസ ഹെർണാണ്ടസ് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മൂവരുടേയും മൃതദേഹങ്ങൾ തകർന്ന് തരിപ്പണമായ വിമാനത്തിനകത്ത് നിന്ന് ലഭിച്ചു. എന്നാൽ കുട്ടികളെ കണ്ടെത്താനായില്ല. ഇതോടെയാണ് അവർ രക്ഷപ്പെട്ടിരിക്കാം എന്ന സംശയമുയർന്നത്. മൂന്ന് പെൺകുട്ടികളും അവരുടെ കുഞ്ഞനുജനും എവിടെ എന്നത് ആശങ്കയുയർത്തി.

നിഗൂഢതകളും വന്യമൃഗങ്ങളും ഗറില്ലകളുമുളള ആമസോൺ കാട്ടിൽ കുട്ടികൾക്കായുളള തിരച്ചിൽ ശ്രമകരമായിരുന്നു. കൊളംബിയൻ രക്ഷാ ദൗത്യ സംഘം വിവിധ യൂണിറ്റുകളായാണ് തിരച്ചിൽ ആരംഭിച്ചത്. മെയ് 17 ന് മരക്കമ്പുകളും ഇലകളും ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ചത് എന്ന് കരുതുന്ന ചെറിയ വീട് രക്ഷാപ്രവർത്തകർ കണ്ടെത്തി. ഇതോടെ കുട്ടികൾ ജീവനോടെ ഉണ്ടെന്ന പ്രതീക്ഷ വർധിപ്പിച്ചു. മറ്റൊരു സ്ഥലത്ത് നിന്ന് പാൽകുപ്പി, ഷൂസ്, ടവ്വൽ, ഡയപ്പർ എന്നിവ സംഘത്തിന് ലഭിച്ചു. രക്ഷാ പ്രവർത്തകർക്കൊപ്പം ഉണ്ടായിരുന്ന ബെൽജിയൻ നായകൾ ഇവ കണ്ടെത്തുന്നതിന് സംഘത്തെ ഏറെ സഹായിച്ചു.

ജൂൺ ഒന്നിന് അപകടം നടന്നതിന്റെ 3.2 കിലോമീറ്റർ അകലെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി കുട്ടികളുടേത് എന്ന് സംശയിപ്പിക്കുന്ന കാൽപാദങ്ങൾ കണ്ടെത്തിയതും പ്രതീക്ഷകൾക്ക് ആക്കം കൂട്ടി. കുട്ടികൾ ജീവനോടെ ഉണ്ടെന്ന വിശ്വാസത്തിൽ നടത്തിയ തിരച്ചിലിന് മഴ പലപ്പോഴും തടസ്സം സൃഷ്ടിച്ചു. കുട്ടികൾക്ക് ആത്മധൈര്യം നൽകാനും ആരോഗ്യത്തോടെ ഇരിക്കാനുമായി സൈന്യം പല കാര്യങ്ങളാണ് ചെയ്തത്. അതിൽ പ്രധാനമായിരുന്നു അവരുടെ അമ്മൂമ്മയുടെ ശബ്ദം ഉച്ചഭാഷിണികൾ വഴി കേൾപ്പിച്ചത്. റെക്കോർഡ് ചെയ്ത ശബ്ദം കാടിന്റെ വിവിധ ഭാഗങ്ങളിൽ കേൾപ്പിച്ചു. കൂടാതെ ഹെലികോപ്റ്റർ വഴി കുട്ടികൾക്ക് വേണ്ട ഭക്ഷണവും വെള്ളവുമെല്ലാം വിവിധ ഇടങ്ങളിലായി വിതറി. കുട്ടികൾ വായിക്കാൻ വേണ്ടി ലഘുലേഖകളും വിതറുകയുണ്ടായി.

അവസാനം കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ജൂൺ ഒമ്പതിന് ആ നാലു പിഞ്ചുകുഞ്ഞുങ്ങളേയും ഉൾവനത്തിൽ നിന്ന് രക്ഷാ ദൗത്യസംഘത്തിലെ ഒന്നാം യൂണിറ്റ് കണ്ടെത്തുകയുണ്ടായി. അവർ റേഡിയോയിലൂടെ മിലാഗ്രോ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അത്ഭുതമെന്നാണ് സ്പാനിഷ് വാക്കായ മിലാഗ്രോയുടെ അർത്ഥം. രക്ഷാ ദൗത്യത്തിലുളള ഏത് യൂണിറ്റ് ആണോ കുട്ടികളെ കണ്ടെത്തുന്നത് അവർ ഈ കോഡ് ഉപയോഗിച്ച് വിവരം കൈമാറണമെന്നായിരുന്നു നിർദേശം. അവശരായ നാലു കുട്ടികൾക്കും അവിടെ വച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നൽകി.

നിർജ്ജലീകരണവും പ്രാണികൾ കടിച്ച പാടുകളുമൊഴിച്ചാൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ കുട്ടികൾക്ക് ഉണ്ടായിരുന്നില്ല. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം അവരെ കൊളംബിയൻ തലസ്ഥാനമായ ബോഗട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അപ്പോഴും വിമാനം തകർന്ന് വീണ് ബാക്കിയുളളവർ കൊല്ലപ്പെട്ടിട്ടും കുട്ടികൾ എങ്ങനെ രക്ഷപ്പെട്ടുവെന്നത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി. ജേക്കബോംബെയർ മുകുതുയ് (13), സോളിനി ജേക്കോബോംബെയർ മുകുതുയ് (9), റ്റിയാൻ നോറെ റനോക് മുകുതുയ് (4), ക്രിസ്റ്റ്യൻ നെറിമാൻ റനോക് മുകുതുയ് (1) എന്നിവരായിരുന്നു ആ അത്ഭുത കുട്ടികൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us