ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷമുള്ള മാലിദ്വീപ് മന്ത്രിയുടെ എക്സിലെ കുറിപ്പ് ഇന്ത്യാ-മാലി ബന്ധത്തിലെ പുതിയ വിള്ളലുകളുടെ ഭാഗമെന്ന് വിലയിരുത്തൽ. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനം. 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ഉൾപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൻ്റെ ടൂറിസം സാധ്യതകളാണ് മോദിയുടെ സന്ദർശനത്തിന് പിന്നാലെ ചർച്ചയായത്. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യ മാലിദ്വീപിനെ ലക്ഷ്യമിടുന്നതായി മാലി മന്ത്രി എക്സിൽ കുറിക്കുകയായിരുന്നു. ബീച്ച് ടൂറിസത്തിൻ്റെ വിഷയത്തിൽ മാലിദ്വീപുമായി മത്സരിക്കുന്നതിൽ ഇന്ത്യ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും മന്ത്രി ട്വീറ്റിൽ കുറിച്ചിരുന്നു.
ലക്ഷദ്വീപിലെ സ്നോർക്കെല്ലിംഗിനെക്കുറിച്ച് എക്സിൽ പ്രധാനമന്ത്രി മോദി പങ്കുവെച്ച പോസ്റ്റുകൾ വൈറലായതിന് പിന്നാലെയാണ് മാലി മന്ത്രിയുടെ എക്സ് കുറിപ്പ് വന്നത്. മാലിദ്വീപിന് പകരമുള്ള ബദൽ ടൂറിസ്റ്റ് കേന്ദ്രമായി ലക്ഷദ്വീപിനെ നിർദ്ദേശിക്കാൻ ഇന്ത്യയിലെ സോഷ്യൽ മീഡിയ ഉപയോക്താക്കളെ പ്രേരിപ്പിച്ചിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
For those who wish to embrace the adventurer in them, Lakshadweep has to be on your list.
— Narendra Modi (@narendramodi) January 4, 2024
During my stay, I also tried snorkelling - what an exhilarating experience it was! pic.twitter.com/rikUTGlFN7
പ്രസിഡൻ്റ് മുഹമ്മദ് മുയിസു അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായിരുന്നു. 2023 നവംബറിലായിരുന്നു മുയിസു പ്രസിഡന്റായി ചുമതലയേറ്റത്. മാലിയിൽ നിന്ന് 75 ഇന്ത്യൻ സൈനികരുടെ ഒരു ചെറിയ സംഘത്തെ നീക്കം ചെയ്യുമെന്നും മാലിദ്വീപിന്റെ 'ആദ്യ പരിഗണന ഇന്ത്യക്ക്' എന്ന നയം മാറ്റുമെന്നും ചുമതലയേറ്റതിൻ്റെ പിന്നാലെ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ മുയിസു തിങ്കളാഴ്ച ചൈന സന്ദർശിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അദ്ദേഹത്തെ ക്ഷണിച്ചതായി ചൈനയുടെ വിദേശകാര്യ വക്താവ് ഹുവ ചുൻയിംഗാണ് വെള്ളിയാഴ്ച വ്യക്തമാക്കിയത്.
സെപ്തംബറിൽ നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയാണ് മുയിസു അധികാരത്തിലെത്തിയത്. ചൈന അനുകൂലിയെന്ന നിലയിലാണ് മുയിസു അറിയപ്പെടുന്നത്. മാലിദ്വീപിൻ്റെ എട്ടാമത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ചൈന മുയിസു ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് മുയിസുവിനെ ചൈന ക്ഷണിച്ചിരിക്കുന്നത്. 'ചൈനയും മാലിദ്വീപും കാലാകാലങ്ങളായുള്ള സൗഹൃദത്തിൽ അഭിമാനിക്കുന്നു. നയതന്ത്രബന്ധം സ്ഥാപിച്ചതിന് ശേഷം കഴിഞ്ഞ 52 വർഷങ്ങളിൽ, ഇരു രാജ്യങ്ങളും പരസ്പരം ബഹുമാനത്തോടെ പെരുമാറുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്തു', എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് വാങ് വെൻബിൻ്റെ പ്രതികരണം. പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് പിന്നാലെ ആദ്യം ഇന്ത്യ സന്ദർശിക്കുക എന്നതായിരുന്നു മുയിസുവിൻ്റെ മുൻഗാമികൾ പിന്തുടർന്നിരുന്ന സമീപനം. ഭൂമിശാസ്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ഇന്ത്യ മാലിദ്വീപുമായി വിശാലമായ ബന്ധം സൂക്ഷിച്ചിരുന്നു. ഇതിനിടയിയാണ് മാലിയിലെ പുതിയ ഭരണകൂടം ചൈനയുമായി കൂടുതൽ അടുക്കുന്നതും ദ്വീപ് രാഷ്ട്രത്തിന് മേൽ ചൈന തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതും.
പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഡിസംബറിൽ കോപ്28 കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി മുയിസു ദുബായിൽ വെച്ച് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബഹുമുഖ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും ഒരു കോർ ഗ്രൂപ്പ് രൂപീകരിക്കാൻ ഇരു നേതാക്കളും സമ്മതിച്ചിരുന്നു. മാലിദ്വീപിൽ നിന്ന് 77 ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ മുയിസു ഇന്ത്യയോട് ആവശ്യപ്പെടുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള 100ലധികം ഉഭയകക്ഷി കരാറുകൾ അവലോകനം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച.
പുതിയതായി സ്ഥാനമേറ്റെടുത്ത മാലിദ്വീപ് വൈസ് പ്രസിഡന്റ് ഹുസൈൻ മുഹമ്മദ് ലത്തീഫ് കഴിഞ്ഞ മാസം ചൈന സന്ദർശിച്ചിരുന്നു. കുൻമിങ്ങിൽ നടന്ന ചൈന-ഇന്ത്യൻ മഹാസമുദ്ര മേഖലാ വികസന സഹകരണത്തിനായി ചൈന സംഘടിപ്പിച്ച ചൈന-ഇന്ത്യൻ മഹാസമുദ്ര മേഖലാ ഫോറത്തിലും ഹുസൈൻ മുഹമ്മദ് ലത്തീഫ് പങ്കെടുത്തിരുന്നു. ചൈനീസ് അടിസ്ഥാനവികസന പദ്ധതികള പ്രശംസിച്ച ലത്തീഫ്, ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല. ബിആർഐയുടെ കീഴിലാണ് മാലിദ്വീപിന്റെ ഭൂരിഭാഗം അടിസ്ഥാന സൗകര്യ പദ്ധതികളും നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ പ്രധാന സമുദ്ര അയൽരാജ്യമാണ് മാലിദ്വീപ്. മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും ലക്ഷ്യമിടുന്ന സാഗർ നയത്തിലും, മോദി സർക്കാരിന്റെ 'അയൽപക്കം-ഒന്നാം നയം' എന്നതിലും സവിശേഷമായ സ്ഥാനവും മാലി ദ്വീപിനുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ നിന്ന് കഷ്ടിച്ച് 70 നോട്ടിക്കൽ മൈലും, പടിഞ്ഞാറൻ തീരത്ത് നിന്ന് 300 നോട്ടിക്കൽ മൈലും മാത്രം ദൂരെയാണ് മാലി ദ്വീപ്. ഇന്ത്യൻ മഹാസമുദ്രത്തിലെ വാണിജ്യ കടൽമാർഗ്ഗത്തിൻ്റെ തന്ത്രപ്രധാനമായ കേന്ദ്രം കൂടിയാണ് മാലി ദ്വീപ്. അതിനാൽ തന്നെ പുതിയതായി അധികാരമേറ്റെടുത്ത മാലി പ്രസിഡൻ്റ് മുയിസിയുടെ ചൈനീസ് അനുകൂല നിലപാട് ഇന്ത്യയെ സംബന്ധിച്ച് തന്ത്രപരമാണ്.