ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന ന്യൂ ഹാംഷെയറിലെ അനൗദ്യോഗിക ഡെമോക്രാറ്റിക് പ്രൈമറിയിൽ പ്രസിഡന്റ് ജോ ബൈഡന് വിജയം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും എത്താതിരുന്ന സാഹചര്യത്തിലാണ് ന്യൂ ഹാംഷെയറിൽ ബൈഡൻ വിജയിച്ചിരിക്കുന്നത്. എതിരാളികളായ ഡീൻ ഫിലിപ്സ്, മരിയാനെ വില്യംസൺ എന്നിവരെയാണ് ഔപചാരികമായി മത്സരിക്കാതെ തന്നെ ബൈഡൻ പരാജയപ്പെടുത്തിയത്. ഇതോടെ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് രണ്ടാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ബൈഡൻ്റെ സാധ്യത വർദ്ധിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച നടന്ന ന്യൂ ഹാംഷെയർ ഡെമോക്രാറ്റിക് പ്രൈമറിയിൽ ബൈഡൻ്റെ പേര് ബാലറ്റ് പേപ്പറിൽ ഉണ്ടായിരുന്നില്ല. വിജയം ഉറപ്പാക്കാൻ ബൈഡൻ അനുകൂലികളായ ഡെമോക്രാറ്റുകൾ ബാലറ്റിൽ പ്രസിഡൻ്റിൻ്റെ പേര് രേഖപ്പെടുത്താൻ വോട്ടർമാർക്കിടയിൽ താഴെതട്ട് മുതൽ വലിയ പ്രചാരണം നടത്തുകയായിരുന്നു. ഗാസയിലെ യുദ്ധത്തിന് ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ബൈഡൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ഒരു കൂട്ടം പുരോഗമന പ്രവർത്തകർ വോട്ടർമാരെ ബാലറ്റിൽ 'വെടിനിർത്തൽ' എന്ന് എഴുതാനും പ്രചാരണവും സംഘടിപ്പിച്ചിരുന്നു.
പതിറ്റാണ്ടുകൾക്ക് ശേഷം ന്യൂഹാംഷെയറിൽ തന്റെ പാർട്ടിയുടെ പ്രാഥമിക ബാലറ്റിൽ പ്രത്യക്ഷപ്പെടാത്ത ആദ്യത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ബൈഡൻ. രാജ്യത്തെ ആദ്യത്തെ പ്രൈമറി വേദിയായിരുന്ന ന്യൂഹാംഷെയറിന് പകരം സൗത്ത് കരോലിനയെ ആദ്യത്തെ പ്രൈമറി വേദിയാക്കാൻ ഡമോക്രാറ്റിക് പാർട്ടി തീരുമാനിച്ചതാണ് നിലവിലെ അസാധാരണ സാഹചര്യത്തിന് വഴി തെളിച്ചത്. ഫ്രെബ്രുവരി മൂന്നിന് സൗത്ത് കരോലിനയെ ആദ്യത്തെ പ്രൈമറി വേദിയാക്കാൻ ഡമോക്രാറ്റിക് പാർട്ടി തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനത്തിൽ പ്രതിഷേധമുള്ള ന്യൂ ഹാംഷെയറിലെ ഡെമോക്രാറ്റുകൾ പ്രാഥമിക മത്സരങ്ങൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പാർട്ടി നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥനായതിനാൽ അനൗദ്യോഗിക മത്സരത്തിൽ പങ്കെടുക്കില്ലെന്നായിരുന്നു ബൈഡൻ്റെ തീരുമാനം. മറ്റെല്ലാ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥികളുടെയും പേര് ബാലറ്റിൽ രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബൈഡൻ അനുകൂലികൾ ബാലറ്റിൽ പ്രസിഡൻ്റിൻ്റെ പേര് രേഖപ്പെടുത്താനുള്ള പ്രചാരണം ആരംഭിച്ചതും അനൗദ്യോഗിക പ്രൈമറിയിൽ ബൈഡന് അനായാസ വിജയം സാധ്യമാക്കിയതും.
എന്നാൽ അനൗദ്യോഗികമായി സംഘടിപ്പിച്ച പ്രൈമറി മത്സരം 'അർത്ഥരഹിതമായിരുന്നു' എന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ നാഷണൽ കമ്മറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി നിലപാട് ലംഘിച്ച ന്യൂ ഹാംഷെയറിലെ പ്രതിനിധികൾക്കെതിരെ നടപടി സീകരിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.