
പാരിസ്: ഡാവിഞ്ചിയുടെ മൊണാലിസ ചിത്രത്തിന് നേരെ സൂപ്പൊഴിച്ച് സാമൂഹ്യ പ്രവത്തകർ. പാരിസിലെ ലോറെ മ്യൂസിയത്തിൽ അതീവ സംരക്ഷിത വസ്തുവായി സൂക്ഷിച്ചിരിക്കുന്ന ചിത്രത്തിലാണ് സൂപ്പൊഴിച്ചത്. എന്നാൽ ചിത്രം ബുള്ളറ്റ് പ്രൂവ് ഗ്ലാസിനാൽ സംരക്ഷിച്ചിരിക്കുകയായിരുന്നതിനാൽ നാശം സംഭവിച്ചില്ല. കലയല്ല, കൃഷിയാണ് സംരക്ഷിക്കേണ്ടതെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. ആരോഗ്യകരമായ ഭക്ഷണം അവകാശമാണ്. അത് സംരക്ഷിക്കപ്പെടണമെന്നും അവർ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ കാർഷിക സംവിധാനം മോശമാണ്, കർഷകർ പണിയെടുത്ത് മരിക്കുകയാണെന്നും അവർ ആരോപിച്ചു.
മികച്ച വേതനം ആവശ്യപ്പെട്ട് ഫ്രഞ്ച് കർഷകർ ദിവസങ്ങളായി പ്രതിഷേധത്തിലാണ്. കർഷക പ്രതിഷേധത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ ഗതാഗത തടസ്സം രൂക്ഷമായിരിക്കുകയാണ്. പ്രധാനമന്ത്രി ഗബ്രിയേൽ അടൽ നിരവധി മുൻകരുതലുകൾ മുന്നോട്ടുവച്ചെങ്കിലും പ്രതിഷേധത്തിന് അയവുവന്നിട്ടില്ല.
നേരത്തേ പരിസ്ഥിതി പ്രവർത്തകർ സമാനമായ രീതീയിലുള്ള പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ലോക പ്രശസ്തമായ ചിത്രങ്ങൾക്കെതിരെ തിരിഞ്ഞ പരിസ്ഥിതി പ്രവർത്തകർ പെട്രോളിയം ഉത്പന്നങ്ങൾ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതാദ്യമായല്ല മൊണാലിസയ്ക്ക് നേരെ പ്രതിഷേധം നടക്കുന്നത്. 2022 ൽ ഒരു യുവാവ് മൊണാലിസയ്ക്ക് നേരെ കസ്റ്റാഡ് പുഡ്ഡിങ് എറിഞ്ഞിരുന്നു. എന്നാൽ ഗ്ലാസുകൊണ്ട് സംരക്ഷിക്കപ്പെട്ടിരുന്നതിനാൽ ചിത്രം നശിക്കാതെ രക്ഷപ്പെട്ടു.