പാകിസ്താൻ തിരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനം തുടങ്ങി, ഇമ്രാൻഖാൻ്റെ പിടിഐക്ക് മുന്നേറ്റം

വിജയം അവകാശപ്പെട്ട് പിടിഐ പ്രവർത്തകർ ആഹ്ളാദ പ്രകടനം ആരംഭിച്ചു

dot image

ഇസ്ലാമബാദ്: പാകിസ്താനിലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലസൂചനകൾ പാകിസ്താൻ തെഹ്രീകെ ഇൻസാഫിന് അനുകൂലം. ഫലപ്രഖ്യാപനം പുരോഗമിക്കുന്നതിനിടെ ഇമ്രാൻഖാൻ്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് 154 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇമ്രാൻഖാൻ വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ വിജയം അവകാശപ്പെട്ട് പിടിഐ പ്രവർത്തകർ ആഹ്ളാദ പ്രകടനം ആരംഭിച്ചതായാണ് റിപ്പോർട്ട്.

വോട്ടെടുപ്പ് അവസാനിച്ച് പന്ത്രണ്ട് മണിക്കൂർ പിന്നിടുമ്പോഴാണ് ഫലപ്രഖ്യാപന സൂചനകള് പുറത്തുവരുന്നത്. ഫലപ്രഖ്യാപനത്തിൽ കാലതാമസം വന്നിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വേഗത്തിൽ പുറത്ത് വിടാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് ഓഫീസർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇൻ്റർനെറ്റ് തകരാറാണ് പാകിസ്താനിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വൈകാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

പാകിസ്താനിലെ ദേശീയ അസംബ്ലിയിൽ ആകെയുള്ള 336 സീറ്റിൽ 266 മണ്ഡലങ്ങളിലാണ് നേരിട്ടുള്ള വോട്ടിങ്ങിലൂടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 70 സീറ്റുകൾ സംവരണസീറ്റുകളാണ്. സംവരണസീറ്റുകളിൽ 60 എണ്ണം വനിതകൾക്കും 10 എണ്ണം അമുസ്ലിങ്ങൾക്കുമായാണ് സംവരണം ചെയ്തിക്കുന്നത്. ദേശീയ അസംബ്ലിയിൽ ഓരോ കക്ഷികൾക്കുമുള്ള പ്രതിനിധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് സംവരണ സീറ്റുകളിലെ പരിഗണന. കേവലഭൂരിപക്ഷം നേടുന്നതിന് കുറഞ്ഞത് 133 സീറ്റുകൾ ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഏതെങ്കിലും പാർട്ടിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ അടക്കം കണക്കാക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം ഒരു നിർണായക വിജയിയെ നൽകില്ലെന്നാണ് പല വിശകലന വിദഗ്ധരും ഊഹിക്കുന്നത്. പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ), പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പിടിഐ), പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നീ മൂന്ന് പ്രധാന പാർട്ടികൾ തമ്മിലാണ് പ്രധാനമായി പാകിസ്താൻ ദേശീയ അസംബ്ലിയിലേയ്ക്ക് മത്സരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us