കാരക്കാസ്: വെനസ്വലയില് സ്വര്ണ്ണഖനിയില് മണ്ണിടിഞ്ഞ് ഇരുപതോളം പേർ മരിച്ചു. നിയമവിരുദ്ധമായി പ്രവര്ത്തിക്കുന്ന സ്വര്ണ്ണഖനിയിലാണ് അപകടമെന്നാണ് റിപ്പോര്ട്ട്. വെനസ്വലന് സിവില് പ്രൊട്ടക്ഷന് ഡെപ്യൂട്ടി മന്ത്രി കാര്ലോസ് പെരസ് ആംപ്യുഡ സംഭവത്തിന്റെ വീഡിയോ എക്സ് പ്ലാറ്റ്ഫോമില് പങ്കുവെച്ചു. എത്രപേര് മരിച്ചുവെന്ന് അദ്ദേഹം വെളുപ്പെടുത്തിയിട്ടില്ല.
ഒരു തുറന്ന കുഴി ഖനിയില് വെള്ളക്കെട്ടിൽ നിന്ന് ജോലി ചെയ്യുന്ന ആളുകളുടെ മേല് മണ്ണിന്റെ ഒരു മതില് പതുക്കെ ഇടിഞ്ഞുവീഴുന്നത് വീഡിയോയില് വ്യക്തമാണ്. ചിലര് ഓടി രക്ഷപ്പെടുകയും മറ്റുചിലര് മണ്ണിനടിയില് കുടുങ്ങിപ്പോകുന്നതും ദൃശ്യങ്ങളില് കാണാം. ഏകദേശം 200 പേര് ഖനിയില് ജോലി ചെയ്തിരുന്നതായാണ് റിപ്പോര്ട്ട്.
തലസ്ഥാനമായ കാരക്കാസില് നിന്ന് 750 കിലോമീറ്റര് തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ലാ പരാഗ്വയോട് ചേര്ന്ന സിയുഡാഡ് ബൊളിവാറിലെ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല് ജസീറ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. സൈന്യവും അഗ്നിശമന സേനാംഗങ്ങളും മറ്റ് സന്നദ്ധ സംഘടനകളും സ്ഥിതിഗതികള് വിലയിരുത്താന് വിമാനമാര്ഗ്ഗം പ്രദേശത്തേക്ക് നീങ്ങുകയാണെന്നും റിപ്പോര്ട്ടുകളുണ്ട്. തിരച്ചിലിന് സഹായിക്കാന് തലസ്ഥാനമായ കാരക്കാസില് നിന്ന് രക്ഷാപ്രവര്ത്തകരെ അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര് വ്യക്തമാക്കുന്നു.
#21Feb | Cumpliendo instrucciones del Vicepdte. Sectorial AJ. @ceballosichaso1 y en coordinación con el Gob. del Edo. Bolívar Ángel Marcano, funcionarios del SNGR junto a Organismos de Seguridad ciudadana y efectivos de la ZODI Bolívar, realizan Operaciones de Salvamento... pic.twitter.com/6FWE5SiE22
— cperezampueda (@cperezampueda) February 21, 2024