മാലി: ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതിനിടെ ചൈനയും മാലിദ്വീപും പുതിയ സൈനിക കരാറിൽ ഒപ്പുവച്ചു. ചൈന സൗജന്യമായി സൈനിക സഹായം ലഭ്യമാക്കുന്ന സഹകരണ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. മാലദ്വീപിന് 12 പരിസ്ഥിതി സൗഹൃദ ആംബുലൻസുകളും ചൈന നൽകിയതായി റിപ്പോർട്ടുണ്ട്.
മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഇൻ്റർനാഷണൽ മിലിട്ടറി കോഓപ്പറേഷൻ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഷാങ് ബവോഖും തമ്മിൽ രേഖകൾ കൈമാറിയ ചടങ്ങിലാണ് കരാറുകൾ ഔപചാരികമായത്. എന്നാലിതിൻറെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയുമായുള്ള ബന്ധം മോശമായതോടെയാണ് ഈ കരാറുകൾ മാലദ്വീപിന് മുന്നിലേയ്ക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം നവംബറിൽ മുയിസു അധികാരത്തിൽ വന്നതു മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യൻ സൈനികരെ തൻ്റെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം മുയിസു നടപ്പാക്കിയിരുന്നു.