ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമായി പ്രഖ്യാപിച്ച് ഫ്രാൻസ്; ചരിത്ര തീരുമാനം സ്വാഗതം ചെയ്ത് ലോകം

പാർലമെന്റിലെ 780 പേരുടെ പിന്തുണയോടെയാണ് ഗർഭഛിദ്രം ഭരണഘടനാ അവകാശമായി മാറിയത്

dot image

പാരിസ്: ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമായി പ്രഖ്യാപിച്ച് ഫ്രാൻസ്. തിങ്കളാഴ്ചയാണ് ഫ്രാൻസ് ചരിത്രപരമായ തീരുമാനമെടുത്തത്. സ്ത്രീകളുടെ അവകാശമെന്ന നിലയിൽ ഫ്രാൻസിൽ നിന്ന് പുറത്തുവന്ന ഈ വാർത്ത ആഗോള തലത്തിൽ സ്വാഗതം ചെയ്യപ്പെട്ടപ്പോൾ ഗർഭഛിദ്ര വിരുദ്ധ ഗ്രൂപ്പുകളിൽ നിന്ന് വിമർശനവും ഉയർന്നു.

പാർലമെന്റിലെ 780 പേരുടെ പിന്തുണയോടെയാണ് ഗർഭഛിദ്രം ഭരണഘടനാ അവകാശമായി മാറിയത്. എന്നാൽ 72 പേർ എതിർത്ത് വോട്ട് ചെയ്തു. ഗർഭഛിദ്ര അവകാശത്തിനായി പോരാടുന്ന പ്രവർത്തകർ ഹർഷാരവങ്ങളോടെയാണ് വിധിയെ സ്വാഗതം ചെയ്തത്. മൈ ബോഡി മൈ ചോയ്സ് (എന്റെ ശരീരം എന്റെ അവകാശം) എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇവർ ഈഫൽ ടവറിന് മുന്നിൽ ആഘോഷിച്ചത്.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഫ്രാൻസിൽ ഗർഭഛിദ്ര അവകാശം അംഗീകരിക്കപ്പെട്ടതാണ്. ഫ്രഞ്ച് ജനതയുടെ 80 ശതമാനത്തോളം പേർ ഗർഭഛിദ്രം അവകാശമാകണം എന്ന് ആഗ്രഹിക്കുന്നതായി വിവിധ പോളുകൾ വ്യക്തമാക്കുന്നു. സ്ത്രീയുടെ ശരീരം അവളുടേതാണ്, നിങ്ങൾക്ക് വേണ്ടി മറ്റൊരാളും തീരുമാനമെടുക്കേണ്ടതില്ല എന്ന സന്ദേശമാണ് ഞങ്ങൾ നൽകുന്നതെന്ന് പ്രധാനമന്ത്രി ഗബ്രിയേൽ അടൽ ഇതിനോട് പ്രതികരിച്ചു. 1974 മുതൽ ഫ്രാൻസിൽ ഗർഭഛിദ്രം നിയമാവകാശമാണ്. നിരവധി പേർ അന്ന് അത് വിമർശിച്ചിരുന്നു.

എന്നാൽ, ഗർഭച്ഛിദ്രത്തിനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം അംഗീകരിച്ച റോയ് വി. വേഡ് വിധി റദ്ദാക്കാനുള്ള യുഎസ് സുപ്രീം കോടതിയുടെ 2022ലെ തീരുമാനം, ഫ്രാൻസിൽ ഈ നിയമം ഭരണഘടനയിൽ ഉൾപ്പെടുത്താൻ പോരാടാൻ സാമൂഹ്യ പ്രവർത്തകരെ പ്രേരിപ്പിച്ചു. ഇതോടെ ഇനി മുതൽ ഫ്രാൻസിൽ ഭരണഘടനാ അനുഛേദം 34 പ്രകാരം സ്ത്രീകൾക്ക് ഗർഭഛിദ്രത്തിനുള്ള പൂർണാവകാശമുണ്ടാകും.

എന്നാൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ വിമർശിച്ചാണ് പ്രതിപക്ഷ നേതാവ് മറിനെ ലെ പെൻ രംഗത്തെത്തിയത്. വലിയ വിഭാഗത്തിന്റെ പിന്തുണ ഗർഭഛിദ്രം നിയമമാക്കുന്നതിനുണ്ട് എന്നതുകൊണ്ട് മാത്രമാണ് മാക്രോൺ ഈ നീക്കം നടത്തിയതെന്നാണ് ഇവരുടെ വിമർശനം. ഗർഭഛിദ്രം നിയമമാക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല, അതിനാൽ വോട്ട് ചെയ്തു. എന്നാൽ ഇതിനെ ചരിത്രപരമായ തീരുമാനം എന്നൊന്നും വിളിച്ച് ആർഭാടമാക്കേണ്ടതില്ല. കാരണം ഫ്രാൻസിൽ ഗർഭഛിദ്രാവകാശം പ്രതിസന്ധി നേരിടുന്നില്ല - മറിനെ പറഞ്ഞു.

അതേസമയം സ്ത്രീകൾ തോറ്റുപോയെന്നാണ് ഈ തീരുമാനത്തോട് കത്തോലിക്ക കുടുംബങ്ങളുടെ കൂട്ടായ്മയുടെ പ്രസിഡന്റ് പാസ്കൽ മൊറിനി പ്രതികരിച്ചത്. ലോകം കാണാൻ കഴിയാതെ പോയ കുഞ്ഞുങ്ങളുടെയും പരാജയമാണെന്നും ഇവർ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us