വാഷിങ്ടൺ: 2014 മാർച്ച് 8-ന് ക്വാലാലംപൂർ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസ് വിമാനമായ എംഎച്ച് 370 ന് വേണ്ടിയുള്ള അന്വേഷണം വീണ്ടും ആരംഭിക്കുന്നു.പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്തുവെച്ച് അപ്രത്യക്ഷമായ വിമാനം എംഎച്ച് 370 ന് അന്വേഷണം ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വിമാനം കാണാതായിട്ട് പത്ത് വർഷം തികയുന്ന സാഹചര്യത്തിൽ എം എച്ച് 370 തിരയുന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള കമ്പനി അവകാശപ്പെടുന്നു. വിമാനം തകർന്നു വീണതായി കരുതപ്പെടുന്ന തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ പുതിയ തിരച്ചിലിനായി കമ്പനി മലേഷ്യൻ സർക്കാരിന് നിർദ്ദേശം സമർപ്പിച്ചു.
കൂടാതെ ഒരു പുതിയ നോ-ഫൈൻഡ്, നോ-ഫീസ് റിസർച്ചിനായും നിർദ്ദേശിച്ചു. 2018ലാണ് അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസ് വിമാനമായ എംഎച്ച് 370 കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നത്. വിമാനത്തിൻ്റെ ലൊക്കേഷനെ കൂറിച്ച് സൂചനകളില്ലാതെ മറ്റൊരു തിരച്ചിലിനെ പിന്തുണയ്ക്കില്ലെന്ന് സർക്കാർ പറഞ്ഞിരുന്നു.
227 യാത്രക്കാരും 12 ജീവനക്കാരുമായി 2014 മാർച്ച് 8-ന് ദക്ഷിണ മലേഷ്യയിലെ ക്വാലാലംപൂർ വിമാനത്താവളത്തിൽ നിന്ന് ചൈനയിലെ ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ വിമാനം MH370 അപ്രത്യക്ഷമായത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിൽ നടത്തിയിട്ടും ഒരു തുമ്പും കിട്ടിയില്ല. 2017 ജനുവരിയിൽ മലേഷ്യൻ എയർലൈൻസ് വിമാനമായ എംഎച്ച് 370 ന്റെ അന്വേഷണം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഞായറാഴ്ച വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ബന്ധുക്കൾ ഒരു അനുസ്മരണ ദിനം നടത്തുകയും ചെയ്തിരുന്നു. തെളിവുകൾ പുറത്തുവന്നാൽ MH370 വിമാനത്തിനായുള്ള തിരച്ചിൽ വീണ്ടും തുടരുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു.