ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കാൻ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. 'സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക' എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്ന ദിനം കൂടിയാണിന്ന്. സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓരോ വനിതാ ദിനവും.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന യുഎസ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായും, തൊഴിലാളി പ്രസ്ഥാനങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും വോട്ടവകാശത്തിനും വേണ്ടി പോരാടിയിരുന്ന കാലമായിരുന്നു അത്. ഓസ്ട്രിയ, ഡെൻമാർക്ക്, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലാണ് ആദ്യമായി വനിതാ ദിനം ആചരിച്ചുതുടങ്ങുന്നത്. പിന്നീട് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി ദിനാചരണം അംഗീകരിച്ചു.
വിദ്യാഭ്യാസവും അതുവഴിയുണ്ടാകുന്ന തൊഴിൽ സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയും പുരുഷനൊപ്പം, സ്ത്രീയ്ക്കും അവകാശപ്പെട്ടതാണെന്ന് ഓരോ വനിതാ ദിനവും ഓർമിപ്പിക്കുന്നു. പതിവുപോലെ ഉൾ കരുത്തിന്റെ പിൻബലത്തിൽ എല്ലാ മേഖലകളിലും ഉയരങ്ങൾ കീഴടക്കാൻ വനിതകൾക്ക് കഴിയട്ടെ.