സിഡ്നി: മുന്തിരി കൃഷിയിൽ വൻ നഷ്ടമുണ്ടായതോടെ വ്യാപകമായി കൃഷി നശിപ്പിക്കാനൊരുങ്ങി ഉടമകൾ. മുന്തിരിയുടെ വില ഇടിഞ്ഞതും വൈൻ നിർമ്മാതാക്കൾ പ്രതിസന്ധിയിലായതുമാണ് കൃഷി നശിപ്പിക്കാൻ കാരണം. അമിത ഉത്പാദനം നിയന്ത്രിക്കാനാണ് മുന്തിരി കൃഷി നശിപ്പിക്കുന്നത്. ഓസ്ട്രേലിയയിൽ ഇരുനൂറ് കോടി ലിറ്ററിലധികം വൈൻ വിറ്റഴിയാതെ കിടക്കുന്നതയാണ് 2023 മധ്യത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
രണ്ട് വർഷത്തെ ഉത്പാദനമാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആഗോളതലത്തിൽ വൈൻ ഉപഭോഗം കുറഞ്ഞതും കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ചൈനീസ് വിപണിയിലേക്കുള്ള കയറ്റുമതി നിർത്തിയതുമാണ് ഓസ്ട്രേലിയയിലെ വൈൻ വിപണിയെ സാരമായി ബാധിച്ചത്.
മുന്തിരിയുടെ വില വീണ്ടും കുറയാൻ സാധ്യതയെന്നാണ് സർക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതോടെ മുന്തിരി കർഷകരും വൈൻ നിർമ്മാതാക്കളും വീണ്ടും പ്രതിസന്ധിയിൽ അകപ്പെടും.