റഷ്യയിൽ പുടിൻ യുഗം തുടരും; അഞ്ചാം തവണയും അധികാരത്തിൽ

ഇതോടെ സ്റ്റാലിന് ശേഷം ഏറ്റവുമധികകാലം ഭരണത്തിലിരിക്കുന്ന നേതാവാകുകയാണ് പുടിൻ.

dot image

മോസ്കോ: റഷ്യന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം വ്ളാദിമിർ പുടിന് തന്നെ. ഇതോടെ അഞ്ചാം തവണയും പുടിൻ റഷ്യയുടെ അധികാരത്തിലെത്തി. 87.97 ശതമാനം വോട്ടുകൾ നേടിയാണ് പുടിന്റെ വിജയം. 2030 വരെ ആറ് വർഷം ഇനി പുടിന് റഷ്യയുടെ അധികാരം കയ്യാളാം. ഇതോടെ സ്റ്റാലിന് ശേഷം ഏറ്റവുമധികകാലം ഭരണത്തിലിരിക്കുന്ന നേതാവാകുകയാണ് പുടിൻ.

പുടിൻ പ്രസിഡന്റാകുന്നതിനെതിരെ റഷ്യയിൽ വലിയ പ്രതിഷേധം നടന്നിരുന്നു. പുടിനെതിരെ നൂൺ എഗെയ്ൻസ്റ്റ് പുടിൻ എന്ന പേരിലാണ് പ്രതിഷേധം നടന്നത്. റഷ്യയിലെ പോളിങ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്ലക്കാർഡുകളുയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിച്ചത്. ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ഭാര്യ യുലിയ ബെർലിനിൽ റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. കൈയടികളോടെയാണ് പ്രതിഷേധക്കാർ യൂലിയയെ സ്വീകരിച്ചത്.

മരിക്കുന്നതുവരെയും പുടിന്റെ ഏകപക്ഷീയ വിജയങ്ങൾക്കെതിരെ നവൽനി പോരാട്ടം നടത്തിയിരുന്നു. ഈ പോരാട്ടത്തിന്റെ തുടർച്ചയാണ് നൂൺ എഗെയ്ൻസ്റ്റ് പുടിൻ. പ്രതിഷേധക്കാർ ബാലറ്റ് നശിപ്പിക്കുകയോ, പുടിന്റെ മൂന്ന് എതിർ സ്ഥാനാർത്ഥികളിലൊരാൾക്ക് വോട്ട് ചെയ്യുകയോ ചെയ്തു. വോട്ടെടുപ്പിൽ പങ്കെടുത്ത് നവൽനിയുടെ അനുയായികൾ സമാധാനപരമായി പ്രതിഷേധത്തിന്റെ ഭാഗമായ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

പ്രതിഷേധക്കാർ റഷ്യയിലെ അനേകം വോട്ടർമാരിൽ ന്യൂനപക്ഷമാണെങ്കിലും വോട്ടിങ്ങിലെ അവരുടെ സാന്നിധ്യം പുടിൻ ഭരണത്തോട് വർദ്ധിച്ചുവരുന്ന അതൃപ്തിയുടെ സൂചനയാണ്. പാശ്ചാത്ത്യ രാജ്യങ്ങൾക്ക് വേണ്ടി റഷ്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന തീവ്രവാദികളെന്നാണ് നവൽനിയുടെ അനുയായികൾക്ക് നേരെ ക്രിംലിൻ ഉയർത്തുന്ന ആരോപണം. മോസ്കോ, യെക്കാറ്റെറിൻബർഗ് തുടങ്ങിയ നഗരങ്ങളിലെ നിരവധി പോളിംഗ് സ്റ്റേഷനുകളിൽ ഉച്ചയ്ക്ക് ശേഷം വോട്ടർമാരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

തടവിലിരിക്കെയാണ് റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി അന്തരിച്ചത്. അദ്ദേഹം തടവിൽ കഴിഞ്ഞിരുന്ന യമാലോ-നെനെറ്റ്സ് ജില്ലയിലെ ജയിലിലെ ഉദ്യോഗസ്ഥരാണ് വിവരം അറിയിച്ചത്. ആർക്ടിക് പ്രിസൺ കോളനിയിലെ ജയിലില് 19 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. നടക്കാൻ പോയി വന്നതിന് ശേഷം അദ്ദേഹത്തിന് അസ്വസ്ഥത തോന്നി. ഉടൻ തന്നെ ബോധം നഷ്ടപ്പെട്ടു. എമർജൻസി മെഡിക്കൽ സ്റ്റാഫ് എത്തി അടിയന്തര വൈദ്യസഹായം നല്കിയെങ്കിലും രക്ഷിക്കാനായില്ല എന്നാണ് ഉദ്യോഗസ്ഥര് പറയുന്നത്. അടിയന്തര ചികിത്സ നൽകാൻ എത്തിയ ഡോക്ടർമാരാണ് മരണവിവരം സ്ഥിരീകരിച്ചത്.

പുടിന്റേയും റഷ്യന്ഭരണകൂടത്തിന്റേയും അഴിമതിക്കഥകള് ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചായിരുന്നു നവാല്നി പൊതുരംഗത്ത് സജീവമായത്. പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയതോടെ നവാല്നി പുടിന് കൂടുതല് തലവേദനയായി. ജനപിന്തുണയേറുകയും ചെയ്തു. 2020-ല് വിഷപ്രയോഗത്തിലൂടെ നവാല്നിയെ കൊലപ്പെടുത്താന് ശ്രമം നടന്നെങ്കിലും ദൗത്യം വിജയിച്ചില്ല. വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.

1999 ൽ പ്രസിഡന്റ് ബോറിസ് യെൽറ്റ്സിൻ പുടിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. അങ്ങനെ രാജ്യത്തിന്റെ രണ്ടാമത്തെ പരമാധികാര കേന്ദ്രം ആദ്യമായി പുടിനെ തേടിയെത്തി. 1999 ഡിസംബർ 31 ന് യെൽറ്റ്സിൻ രാജിവച്ചതോടെ പുടിൻ ആക്ടിങ് പ്രസിഡന്റായി. മാസങ്ങൾക്ക് ശേഷം 2000 മെയ് ഏഴിന് പുടിൻ റഷ്യൻ പ്രസിഡന്റായി. പിന്നീട് വീണ്ടും പ്രധാനമന്ത്രിയായും മൂന്ന് തവണ കൂടി പ്രസിഡന്റായും രണ്ട് പതിറ്റാണ്ടിലേറെയായി റഷ്യ കറങ്ങുന്നത് പുടിൻ എന്ന അച്ചുതണ്ടിലാണ്.

പ്രസിഡന്റെന്ന നിലയിൽ റഷ്യയെ ആദ്യമായി അഭിസംബോധന ചെയ്ത പുടിൻ ജനങ്ങളിലുണ്ടാക്കിയ പ്രതീക്ഷ വാനോളമായിരുന്നു. തുറന്ന് പറയാനുള്ള ജനങ്ങളുടെ അവകാശം, മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യത്തോടുള്ള ഉത്തരവാദിത്തം എന്നിങ്ങനെ പോകുന്നു അന്ന് പുടിൻ നൽകിയ ഉറപ്പുകൾ. എന്നാൽ അധികാരത്തിലേറി അധികം വൈകാതെ ജനാധിപത്യം ജനങ്ങൾക്ക് സ്വപ്നം മാത്രമായി. സ്വതന്ത്ര ടെലിവിഷൻ നെറ്റ്വർക്കുകളെ സ്റ്റേറ്റിന് കീഴിൽ കൊണ്ടുവന്നു. മറ്റ് വാർത്താ മാധ്യമങ്ങളെ പൂട്ടിച്ചു. ഗവർണർ തിരഞ്ഞെടുപ്പും സെനറ്റ് തിരഞ്ഞെടുപ്പും ഇല്ലാതാക്കി. നീതിന്യായ കോടതികളുടെ അധികാരം വെട്ടിച്ചുരുക്കി. പ്രതിപക്ഷ പാർട്ടികളെ നിരോധിച്ചു. തിരഞ്ഞെടുപ്പിലുടനീളം ക്രമക്കേടുകൾ നടക്കുന്നതായി പുറത്തുനിന്നുള്ള നിരീക്ഷകർ വിലയിരുത്തി. ജനാധിപത്യത്തെ പുടിൻ കശാപ്പ് ചെയ്തുവെന്ന് ലോകം ആരോപിച്ചു.

രാജ്യത്തിന്റെ പരമാധികാരം തന്റെ കൈയിലൊതുക്കാൻ ചെയ്യേണ്ടതെല്ലാം ഇതിനോടകം ചെയ്തു കഴിഞ്ഞു പുടിൻ. റീജിയണൽ ഗവർണർമാരെ നിയമിക്കാൻ പ്രസിഡന്റിന് അധികാരം നൽകികൊണ്ടുള്ള നിയമത്തിൽ 2004ൽ പുടിൻ ഒപ്പുവച്ചു. 2008 ൽ പുടിൻ പ്രസിഡന്റ് സ്ഥാനത്തുനിന്നിറങ്ങി ദിമിത്രി മെദ്ദേവ് പ്രസിഡന്റായി. പ്രധാനമന്ത്രിയായി പുടിൻ വീണ്ടുമെത്തി. എന്നാൽ അധികാരം പുടിന്റെ കൈയിൽ തുടരുന്നതും പ്രസിഡന്റ് പുടിന്റെ പാവയാകുന്നതുമാണ് പിന്നീട് കണ്ടത്. 2012 ൽ വീണ്ടും പ്രസിഡന്റിന്റെ അധികാര കസേരയിലേക്ക് തിരിച്ചുവന്ന പുടിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2036 വരെ അധികാരത്തിൽ തുടരാൻ അനുവദിച്ചുകൊണ്ടുള്ള നിയമത്തിൽ ഒപ്പുവച്ചുകൊണ്ട് തന്റെ പരമാധികാരം പുടിൻ ഊട്ടിയുറപ്പിച്ചു. ഇതിന്റെയെല്ലാം തുടർച്ചയാണ്, പ്രതിഷേധങ്ങളും എതിർസ്വരങ്ങളും ഉയരുമ്പോഴും മൂക്കാൽ ശതമാനത്തിലേറെ വോട്ട് നേടിയുള്ള പുടിന്റെ വിജയം.

പൊളോണിയം ചായ മുതൽ പോയിന്റ് ബ്ലാങ്ക് വെടിവെപ്പ് വരെ; എതിർ ശബ്ദങ്ങളെ കൊന്നൊടുക്കുന്ന പുടിൻ തന്ത്രങ്ങൾ
dot image
To advertise here,contact us
dot image