മിലാന്: ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ഡീപ് ഫേക്ക് വീഡിയോകള് ഓണ്ലൈനില്. ഒരു ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോർജിയ മെലോനി കോടതിയെ സമീപിച്ചു. 2020 ൽ യുഎസിലെ ഒരു അശ്ലീല വെബ്സൈറ്റിലാണ് ജോർജിയ മെലോനിയുടെ ഡീപ് ഫേക്ക് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഏതാനം മാസങ്ങള് കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നതിനു മുൻപാണ് ഡീപ് ഫേക്ക് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ജൂലൈ 2ന് സസാരിയിലെ കോടതിയിൽ ജോർജിയ മെലോനി മൊഴി നൽകുമെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിഡിയോ നിര്മ്മിച്ചു എന്നു കരുതുന്ന 40 വയസ്സുകാരനെതിരെയും ഇയാളുടെ 73 വയസ്സ് പ്രായമുള്ള പിതാവിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇരുവർക്കുമെതിരെ മാനനഷ്ട കേസ് ഫയല് ചെയ്തിട്ടുണ്ട്. അഡല്റ്റ്സ് ഫിലിം അഭിനേതാവിന്റെ മുഖം മെലോനിയുടെ മുഖവുമായി മാറ്റിവെച്ചാണ് വിഡിയോ നിര്മ്മിച്ചിരിക്കുന്നത്. വിഡിയോ അപ്ലോഡ് ചെയ്യാന് ഉപയോഗിച്ച ഫോണ് അധികൃതര് പിടിച്ചെടുത്തിട്ടുണ്ടെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇറ്റലിയിലെ നിയമമനുസരിച്ച് തടവുശിക്ഷയ്ക്ക് അര്ഹമായ ക്രിമിനല് കുറ്റമാണ് മാനനഷ്ടകേസ്.
ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകൾക്ക് പ്രതികരിക്കാൻ ധൈര്യം പകരുന്നതിനു വേണ്ടി പ്രതീകാത്മകമായാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ഈ തുക അതിക്രമത്തിനിരയായ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന ചെയ്യുമെന്നും ജോർജിയ മെലോനിയുടെ അഭിഭാഷക മരിയ ജിയൂലിയ മരോൻജിയു അറിയിച്ചു.
യഥാർത്ഥ ചിത്രത്തിലെയോ വീഡിയോയിലെയോ ആളുകളുടെ മുഖം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മാറ്റി, മറ്റ് വ്യക്തികളുടെ മുഖം ചേർത്തുവെച്ചാണ് ഡീപ് ഫേക്ക് വീഡിയോ നിർമ്മിക്കുന്നത്. ഇന്ത്യയിലും സമാന സംഭവങ്ങള് ഉണ്ടായിട്ടുണ്ട്. രശ്മിക മന്ദാന, കത്രീന കൈഫ്, നോറ ഫത്തേഹി തുടങ്ങിയ അഭിനേതാക്കളുടെ ഡീപ് ഫേക്ക് വീഡിയോകള് സമൂഹമാധ്യമങ്ങളില് പ്രത്യക്ഷപ്പെട്ടിരുന്നു.
അന്പതിനായിരത്തിലേക്ക് കുതിച്ച് സ്വർണവില; പവന് 49,440