
മോസ്കോ: റഷ്യയിൽ സംഗീത നിശയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക വേഷത്തിലെത്തിയ അഞ്ച് അംഗ സംഘം യന്ത്ര തോക്കുകളുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെയുണ്ടായ സ്ഫോടനത്തിൽ പരിപാടി നടന്ന ഹാളിന് തീ പിടിച്ചു. കെട്ടിടം പൂർണമായി കത്തിയമർന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിട്ടുണ്ട്.
അക്രമികൾ തുടർച്ചയായി വെടിയുതിർത്തെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആറായിരത്തോളം പേർ ഹാളിൽ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. റഷ്യയിൽ ജാഗ്രതാ നിർദേശം നൽകി പരിശോധന ശക്തമാക്കിയിട്ടുണ്ട്. അക്രമണത്തെ തുടർന്ന് മോസ്കോ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ൻ അറിയിച്ചിട്ടുണ്ട്. രാജ്യത്തുടനീളം നടത്താനിരുന്ന പൊതുപരിപാടികൾ റഷ്യ റദ്ദാക്കിയിട്ടുണ്ട്.
രക്തരൂക്ഷിത ഭീകരാക്രമണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു. ആക്രമണത്തെ അമേരിക്ക അപലപിച്ചു. ആക്രമണം ഭയാനകമെന്ന് യുഎസ് സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബിയും വൈറ്റ് ഹൗസും പ്രതികരിച്ചു.