നിലപാട് മാറ്റി മാലദ്വീപ്; 'സഹായം വേണം', ഇന്ത്യയോട് അഭ്യർത്ഥിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു

ദ്വീപുരാഷ്ട്രത്തിനുള്ള കടാശ്വാസം തുടരണമെന്ന് അഭ്യർത്ഥിച്ച മുയിസു മാലദ്വീപ് ഇന്ത്യയുടെ അടുത്ത സഖ്യകക്ഷിയായിത്തുടരുമെന്നും വ്യക്തമാക്കി.

dot image

മാലി: ഇന്ത്യാവിരുദ്ധനിലപാട് ഉപേക്ഷിച്ച് മാലദ്വീപ്. അധികാരത്തിലെത്തിയതിനു പിന്നാലെ ഇന്ത്യയോടുള്ള എതിർപ്പ് ശക്തമാക്കുകയും ചൈനയോട് അടുക്കുകയും ചെയ്ത മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. ദ്വീപുരാഷ്ട്രത്തിനുള്ള കടാശ്വാസം തുടരണമെന്ന് അഭ്യർത്ഥിച്ച മുയിസു മാലദ്വീപ് ഇന്ത്യയുടെ അടുത്ത സഖ്യകക്ഷിയായിത്തുടരുമെന്നും വ്യക്തമാക്കി. 2023 വരെ 40.9 കോടി ഡോളറിന്റെ (3424.04 കോടി രൂപ) കടബാധ്യതയാണ് ഇന്ത്യയുമായി മാലദ്വീപിനുള്ളത്. ഇതിലാണ് ആശ്വാസം തേടിയിരിക്കുന്നത്.

പ്രാദേശികമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുയിസു പുതിയ നിലപാട് വ്യക്തമാക്കിയത്. മാലദ്വീപിന് സഹായം നൽകുന്നതിൽ ഇന്ത്യ നിർണായക കക്ഷിയാണ്. അവർ ഒട്ടേറെപദ്ധതികളും രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്. മാലദ്വീപിന്റെ ഏറ്റവുമടുത്ത സഖ്യകക്ഷിയായി ഇന്ത്യ തുടരുമെന്ന കാര്യത്തിൽ സംശയമേ ഇല്ല” മുയിസു പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് മുയിസു പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഇതിനു ശേഷം ഒരു മാധ്യമത്തിന് നൽകുന്ന ആദ്യ അഭിമുഖമായിരുന്നു കഴിഞ്ഞ ദിവസത്തേത്.

മുയിസു കടുത്ത ഇന്ത്യാവിരുദ്ധനിലപാടുകൾ സ്വീകരിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുകളുണ്ടായത്. മാലദ്വീപിലുള്ള മുഴുവൻ ഇന്ത്യൻസൈനികരെയും പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. നീണ്ട ചർച്ചകൾക്കൊടുവിൽ, മേയ് പത്തോടെ മുഴുവൻ സൈനികരെയും പിൻവലിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. ഇന്ത്യൻസൈനികരിലെ ആദ്യസംഘം മാലദ്വീപിൽനിന്ന് മടങ്ങുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ മൂന്നുമന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങളും ബന്ധം വഷളാക്കി. മാലദ്വീപ് ഭരണാധികാരികൾ അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്ന രാജ്യം ഇന്ത്യ ആയിരുന്നു. ഈ കീഴ്വഴക്കവും മുയിസു തെറ്റിച്ചു. യു എ ഇ സന്ദർശനത്തിനുപിന്നാലെ ചൈനയിലേക്ക് മുയിസു പോയി. ചൈനയുമായി ഒട്ടേറെ വിഷയങ്ങളിൽ നിർണായക കരാറുകളുണ്ടാക്കുകയും ചെയ്തു.

ഇന്ത്യയിൽനിന്നുള്ള സാമ്പത്തികസഹായം മാലദ്വീപിന് അനിവാര്യമാണ്. മുൻപ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ കാലത്ത് എക്സിം ബാങ്കിൽനിന്ന് 14 ലക്ഷം ഡോളറിന്റെ വായ്പ മാലദ്വീപ് സ്വീകരിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us