മാലി: പിടിവാശി ഉപേക്ഷിച്ച് ഇന്ത്യയുമായി സംസാരിക്കണമെന്ന് മാലദ്വീപ് മുന് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്. എങ്കില് മാത്രമേ സാമ്പത്തിക വെല്ലുവിളി നേരിടാന് സാധിക്കുകയുള്ളൂ എന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് മുന് പ്രസിഡന്റ് പറഞ്ഞു. കടം വീട്ടുന്നതിന് മാലദ്വീപിന് കുറച്ച് സാവകാശം നല്കണമെന്ന് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇന്ത്യയോട് അഭ്യര്ത്ഥിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ 45 കാരനായ മുയിസു 62 കാരനായ സോലിഹിനെ പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്.
മാലദ്വീപിന്റെ സാമ്പത്തിക വെല്ലുവിളികൾക്ക് ഇന്ത്യ ഉത്തരവാദിയല്ലെന്ന് സോലിഹ് വ്യക്തമാക്കി. ബില്യൺ മാലദ്വീപ് റുഫിയയുടെ കടമാണ് മാലദ്വീപ് ഇന്ത്യയ്ക്ക് തന്നു വീട്ടാനുള്ളത്. 25 വർഷമാണ് കടം വീട്ടാനുള്ള സമയപരിധി.
'നമ്മുടെ അയൽക്കാർ നമ്മെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിന് നമ്മൾ പിടിവാശി അവസാനിപ്പിച്ച് അവരുമായി സംസാരിക്കേണ്ടിവരും. പക്ഷേ മുയിസു വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല' സോലിഹ് പറഞ്ഞു.
സർക്കാർ പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്നും എംഡിപി സർക്കാർ ആരംഭിച്ച പദ്ധതികൾ പുനരാരംഭിക്കുകയാണെന്നും സോലിഹ് പറഞ്ഞു. നുണകൾ മറയ്ക്കാനാണ് മന്ത്രിമാർ ഇപ്പോൾ കള്ളം പറയുന്നത്. പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും അതിനുശേഷവും ഇന്ത്യയെ മുയിസു വിമർശിച്ചിരുന്നു. നവംബറിൽ അദ്ദേഹം അധികാരമേറ്റതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നുവെന്നും സോലിഹ് പറഞ്ഞു.
മാലദ്വീപിലെ മാനുഷിക, മെഡിക്കൽ ഒഴിപ്പിക്കലിനായി ഉപയോഗിക്കുന്ന മൂന്ന് ഏവിയേഷൻ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യുന്ന 88 ഇന്ത്യൻ സൈനികരെ മെയ് 10 നകം പൂർണമായി പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടിരുന്നു. 26 ഇന്ത്യൻ സൈനികരുടെ ആദ്യ ബാച്ച് ഇതിനകം ദ്വീപ് വിട്ടു. എന്നാല് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കം സൃഷ്ടിക്കുന്ന തരത്തില് ഒരു നടപടിയും താൻ സ്വീകരിച്ചിട്ടില്ലെന്ന് മുയിസു അവകാശപ്പെട്ടിരുന്നു.
അധികാരത്തിലെത്തിയതിനു പിന്നാലെ ഇന്ത്യയോടുള്ള എതിർപ്പ് ശക്തമാക്കുകയും ചൈനയോട് അടുക്കുകയും ചെയ്ത മുഹമ്മദ് മുയിസു കഴിഞ്ഞ ദിവസം നിലപാട് മാറ്റിയിരുന്നു. ദ്വീപുരാഷ്ട്രത്തിനുള്ള കടാശ്വാസം തുടരണമെന്ന് അഭ്യർത്ഥിച്ച മുയിസു മാലദ്വീപ് ഇന്ത്യയുടെ അടുത്ത സഖ്യകക്ഷിയായിത്തുടരുമെന്നും വ്യക്തമാക്കിയിരുന്നു. 2023 വരെ 40.9 കോടി ഡോളറിന്റെ (3424.04 കോടി രൂപ) കടബാധ്യതയാണ് ഇന്ത്യയുമായി മാലദ്വീപിനുള്ളത്. ഇതിലാണ് ആശ്വാസം തേടിയിരിക്കുന്നതെന്നും മുയിസു അറിയിച്ചിരുന്നു. പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുയിസു പുതിയ നിലപാട് വ്യക്തമാക്കിയത്.