ന്യൂയോർക്ക്: 22 ഇന്ത്യക്കാരടങ്ങിയ ചരക്കുകപ്പൽ ബാൾട്ടിമോർ പാലത്തിലിടിച്ചുണ്ടായ അപകടത്തിൽ കപ്പലിലെ മുഴുവൻ ഇന്ത്യക്കാരും സുരക്ഷിതർ. പുഴയിൽ വീണ രണ്ട് പേരെ രക്ഷപ്പെടുത്തി. അതിൽ ഒരാളുടെ നില ഗുരുതരമാണ്. കാണാതായ ഏഴ് പേർക്കായി തിരച്ചിൽ തുടരുന്നു. സിനർജി മറൈൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദാലി എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. ബാൾട്ടിമോറിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ.
ബാൾട്ടിമോറിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്ര തിരിച്ച് മിനിറ്റുകൾക്കുള്ളിലാണ് കപ്പൽ ഫ്രാന്സിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ചത്. പാലത്തിന്റെ പ്രധാന തൂണിൽ കപ്പല് ഇടിച്ച് പാലത്തിന്റെ വലിയൊരു ഭാഗം ഒന്നാകെ തകര്ന്നുവീണു. അപകടത്തിൽ കപ്പലിന് തീപിടിക്കുകയും ഡീസൽ നദിയിൽ കലരുകയും ചെയ്തു. സംഭവസമയം പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള് വെള്ളത്തിലേക്ക് പതിച്ചു. അങ്ങനെ പുഴയിൽ വീണ ഏഴ് പേരെ കൂടിയാണ് ഇപ്പോൾ കണ്ടെത്താനുള്ളത്. സംഭവത്തിൽ എഫ്ബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.