ടോക്കിയോ: തായ്വാനിൽ വൻ ഭൂചലനം രേഖപ്പെടുത്തി. ജപ്പാൻ്റെയും ഫിലിപ്പീൻസിൻ്റെയും ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. ഇന്ന് രാവിലെ തായ്വാൻ്റെ കിഴക്ക് 7.4 തീവ്രതയിൽ ഭൂകമ്പം രേഖപ്പെടുത്തിയതിനെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. പ്രാദേശിക സമയം രാവിലെ 8:00 ന് (0000 GMT) മുമ്പാണ് ഭൂചലനം ഉണ്ടായത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയിൽ തായ്വാനിലെ ഹുവാലിയൻ സിറ്റിയിൽ നിന്ന് 18 കിലോമീറ്റർ തെക്ക് 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം കണ്ടെത്തിയത്.
ഭൂകമ്പത്തെത്തുടർന്ന് 3 മീറ്റർ (9.8 അടി) വരെ സുനാമി ഉണ്ടാകുമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി പ്രവചിച്ചു. മിയാകോജിമ ദ്വീപ് ഉൾപ്പെടെയുള്ള പ്രദേശത്തെ ജാപ്പനീസ് ദ്വീപുകളിൽ മൂന്ന് മീറ്റർ (10 അടി) വരെ ഉയരത്തിലുള്ള സുനാമി തിരമാലകൾക്ക് സാധ്യതയെന്നാണ് ജപ്പാൻ്റെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയത്. തീരപ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കർശനമായ മുൻകരുതലുകൾ എടുക്കണമെന്നും തിരമാലകൾ പെട്ടെന്ന് ഉയരുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഭൂകമ്പത്തെത്തുടർന്ന് തായ്പേയ്, തായ്ചുങ്, കാവോസിയുങ് എന്നിവിടങ്ങളിലെ മെട്രോ സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി സിഎൻഎ റിപ്പോർട്ട് ചെയ്തു. വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ മിയാകോജിമ, യെയാമ മേഖലകളിലെ തീരപ്രദേശങ്ങളിലും ഒകിനാവ പ്രിഫെക്ചറിലെ പ്രധാന ദ്വീപായ ഒകിനാവയിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പതിറ്റാണ്ടുകള്ക്കുള്ളില് ദ്വീപിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതർ പറഞ്ഞു. ഫിലിപ്പീൻസും സുനാമി മുന്നറിയിപ്പ് നൽകുകയും തീരപ്രദേശങ്ങൾ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.