അൻ്റാർട്ടിക്കയിൽ മൂന്നാമത്തെ പോസ്റ്റോഫീസ് തുറന്ന് ഇന്ത്യ

ഭാരതി സ്റ്റേഷനിലെ പോസ്റ്റ്കാർഡ് പ്രകാശനം ചെയ്തു

dot image

മഞ്ഞുമൂടിയ അൻ്റാർട്ടിക്കയിൽ ഇന്ത്യ പോസ്റ്റിൻ്റെ മൂന്നാമത്തെ പോസ്റ്റ് ഓഫീസ് തുറന്നു. അൻ്റാർട്ടിക്കയിലെ ഭാരതി സ്റ്റേഷനിൽ പുതിയ പോസ്റ്റ് ഓഫീസ് വെബ് ലിങ്ക് വഴി മഹാരാഷ്ട്ര സർക്കിളിലെ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ കെ കെ ശർമ്മ ഉദ്ഘാടനം ചെയ്തു. 1984-ൽ ദക്ഷിണ ഗംഗോത്രി സ്റ്റേഷനിലും 1990-ൽ മൈത്രി സ്റ്റേഷനിലും ഇന്ത്യ പോസ്റ്റ് തപാൽ ഓഫീസ് സ്ഥാപിച്ചിരുന്നു. ഗോവയിലെ നാഷണൽ സെൻ്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൻ്റെ (NCPOR) 24-ാം സ്ഥാപക ദിനമായ ഏപ്രിൽ 5 ആണ് ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്.

"ഈ പരിശ്രമം ഒരു നാഴികക്കല്ലാണ്. നമ്മുടെ ശാസ്ത്രജ്ഞർക്ക് വാട്സാപ്പ് ഉൾപ്പെടെയുള്ള ആധുനിക ആശയവിനിമയ മാർഗങ്ങളുണ്ട്. വേഗത കുറവാണെങ്കിലും അവർ അവരുടെ കുടുംബങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ട്. ആളുകൾ കത്തുകൾ എഴുതുന്നത് പൂർണ്ണമായും നിർത്തിയ കാലഘട്ടത്തിൽ അന്റാർട്ടിക്ക എന്ന് പതിച്ച കത്തുകൾ ലഭിക്കുന്നത് ഒരു സ്മരണയാണ്. ഞങ്ങൾ കത്തുകൾ വർഷത്തിലൊരിക്കൽ ശേഖരിച്ച് ഗോവയിലെ ഞങ്ങളുടെ ആസ്ഥാനത്തേക്ക് അയയ്ക്കും. ശാസ്ത്രജ്ഞരുടെ കുടുംബങ്ങൾക്ക് അവ അയച്ചുനൽകും'', ഗ്രൂപ്പ് ഡയറക്ടർ (അൻ്റാർട്ടിക് ഓപ്പറേഷൻസ്) ശൈലേന്ദ്ര സൈനി പറഞ്ഞു. ഈ ദൗത്യം സാധ്യമാക്കുന്നതിനായി പ്രവർത്തിച്ച എല്ലാവരുടെയും ശ്രമങ്ങളെ കെ കെ ശർമ്മ അഭിനന്ദിച്ചു.

ഭാരതി സ്റ്റേഷനിലെ പോസ്റ്റ്കാർഡ് ചടങ്ങിൽ പ്രകാശനം ചെയ്തു. മുതിർന്ന തപാൽ വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ, അൻ്റാർട്ടിക്കയിലും ഗോവയിലും പ്രവർത്തിക്കുന്ന നിരവധി ശാസ്ത്രജ്ഞർ എൻസിപിഒആർ ഡയറക്ടർ തമൻ മെലോത്ത്, മൈത്രി, ഭാരതി സ്റ്റേഷനുകളിലെ ടീം ലീഡർമാർ എന്നിവരുൾപ്പെടെ വെർച്വൽ സാന്നിധ്യത്തിൽ പങ്കെടുത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us