ടെഹ്റാൻ : ഏപ്രിൽ 14 ന് ഇസ്രയേലിനെതിരെ നടന്ന മിസൈൽ, ഡ്രോൺ ആക്രമണം പൂർണ്ണ വിജയമായിരുന്നുവെന്നും മിഷന് നേതൃത്വം നൽകിയ സൈന്യത്തിന് ആശംസകൾ അറിയിക്കുന്നതായും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി വാർത്തകുറിപ്പിൽ പറഞ്ഞു.
ദമസ്കസിലെ ഇറാൻ്റെ കോൺസുലേറ്റിന് നേരെ ഇസ്രയേൽ ഈ മാസമാദ്യം നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഇറാൻ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചത്. 'ശത്രുവിനെ ഒരു പാഠം പഠിപ്പിക്കാൻ നമുക്കായി. രാജ്യ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി സായുധ സേന നടത്തുന്ന പ്രവർത്തനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും ഏത് വിധത്തിലുള്ള പ്രത്യാക്രമണത്തിനും തങ്ങൾ സജ്ജരാണെന്നും' ഇബ്രാഹിം റൈസി പറഞ്ഞു.
ഗസയിൽ കഴിഞ്ഞ ആറ് മാസമായി തുടർച്ചയായ ലംഘനങ്ങളിലൂടെയും ക്രൂരമായ കുറ്റകൃത്യങ്ങളിലൂടെയും അന്താരാഷ്ട്ര സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണി ഉയർത്തുന്നത് ഇസ്രയേലാണെന്നും റൈസിയുടെ പ്രസ്താവനയിൽ പറയുന്നു. സമാധാനവും പ്രാദേശിക സുരക്ഷയും പുനരുജ്ജീവിപ്പിക്കാനും അധിനിവേശവും തീവ്രവാദവും അതിൻ്റെ എല്ലാ രൂപത്തിലും അവസാനിപ്പിക്കാനുമുള്ള പ്രധാന വാക്കാണ് പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി ആക്രമണങ്ങൾക്കില്ലെന്നും ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായാൽ തിരിച്ചടിക്കുമെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നുണ്ട്. അമേരിക്ക നിലവിലെടുത്ത നിലപാടിനെയും ഇബ്രാഹിം റൈസി സ്വാഗതം ചെയ്തു. അമേരിക്ക ഏതെങ്കിലും രീതിയിൽ ഇസ്രയേലിനെ സഹായിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുന്നുവെന്ന മുന്നറിയിപ്പും ഇബ്രാഹിം റൈസി ചൂണ്ടിക്കാണിച്ചു.
ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു: ഇറാൻ