ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വെറുതെയിരിക്കില്ല;പാക് സൈനിക മേധാവിക്ക് ഇമ്രാൻ്റെ മുന്നറിയിപ്പ്

ഭാര്യ ബുഷ്റ ബീബിയെ കള്ളകേസിൽ കുടുക്കി തടവിലിട്ട് ഇല്ലാതാക്കാനാണ് ശ്രമമെന്നും കരസേനാ മേധാവി ജനറൽ അസിം മുനീറാണ് ഇതിന് ഉത്തരവാദിയെന്നുമാണ് ഇമ്രാൻ്റെ ആരോപണം

dot image

ലാഹോർ: പാക് സൈനിക മേധാവിക്ക് മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തൻ്റെ ഭാര്യ ബുഷ്റ ബീബിയെ കള്ളകേസിൽ കുടുക്കി തടവിലിട്ട് ഇല്ലാതാക്കാനാണ് ശ്രമമെന്നും കരസേനാ മേധാവി ജനറൽ അസിം മുനീറാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി, നിയമവിരുദ്ധമായ വിവാഹം തുടങ്ങി കുറ്റങ്ങൾ ചുമത്തിയാണ് ഇമ്രാൻ ഖാന്റെ ഭാര്യയെ തടവിലാക്കിയിരിക്കുന്നത്. ഇസ്ലാമാബാദിൻ്റെ ബനി ഗാല വസതിയിൽ തടങ്കലിൽ കഴിയുകയാണ് ഇപ്പോൾ ബുഷ്റ ബീബി.

മുൻ പ്രധാനമന്ത്രിയും തെഹ്രീകെ ഇൻസാഫ് സ്ഥാപകനുമായ ഇമ്രാൻ ഖാനും നിലവിൽ അഴിമതി കേസിൽ ജയിലിലാണ്. ഖാൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലിട്ട പോസ്റ്റിലാണ് മാധ്യമപ്രവർത്തകരുമായി ജയിലിൽ സംസാരിച്ച വിവരം ഇമ്രാൻ പങ്കുവെച്ചിരിക്കുന്നത്. നിലവിൽ അഡിയാല ജയിലിൽ തടവിൽ കഴിയുന്ന ഇമ്രാൻ ഖാൻ മാധ്യമ പ്രവർത്തകരോടാണ് സൈനിക മേധാവിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. 'ഭാര്യക്കെതിരെ കേസെടുക്കുന്നതിൽ കരസേനാ മേധാവി ജനറൽ അസിം മുനീറിന് നേരിട്ട് പങ്കുണ്ട്. വിധി പ്രസ്താവിക്കുന്നതിലും അസിം ജഡ്ജിനെ സ്വാധീനിച്ചു'വെന്ന് എക്സിലെ കുറിപ്പിൽ ഇമ്രാൻ പറഞ്ഞു. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിം മുനീറിനെ വെറുതെ വിടില്ലെന്നും അദ്ദേഹം കുറിച്ചു.

പാക് ഭരണകൂടത്തെയും ഇമ്രാൻ വിമർശിച്ചു. ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ കാട്ടിലെ രാജാവിന്റെ നിയമമാണ് നടപ്പിലാക്കുന്നതെന്നും രാജാവിന് ഇഷ്ടമില്ലാത്തതിനെയെല്ലാം ജയിലിൽ അടക്കുകയാണെന്നും ഇമ്രാൻ ആരോപിച്ചു. പ്രധാനമന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്നാരോപിച്ച് 14 വർഷമാണ് ഇമ്രാൻ ഖാനെ ജയിൽ ശിക്ഷ വിധിച്ചത്. രാജ്യത്തിൻറെ രഹസ്യവിവരങ്ങൾ ചോർത്തി നൽകി എന്ന കേസിൽ മറ്റൊരു 10 വർഷത്തേയ്ക്കും ഇമ്രാനെ തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.

രാജ്യസുരക്ഷയ്ക്ക് ഭീഷണി; എക്സ് നിരോധിച്ച് പാകിസ്താൻ
dot image
To advertise here,contact us
dot image