ശരീരം സ്വയം ആൽക്കഹോൾ ഉൽപ്പാദിപ്പിക്കുന്നു; മദ്യപിച്ച് വാഹനമോടിച്ച കേസിൽ പ്രതി കുറ്റവിമുക്തൻ

'ഓട്ടോ ബ്രൂവറി സിന്ഡ്രോം' (എബിഎസ്) എന്ന അപൂര്വ രോഗാവസ്ഥ കോടതിയില് തെളിയിക്കാനായതിന് പിന്നാലെ മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില് യുവാവിനെ വെറുതെവിട്ടു

dot image

ബ്രസല്സ്: 'ഓട്ടോ ബ്രൂവറി സിന്ഡ്രോം' (എബിഎസ്) എന്ന അപൂര്വ രോഗാവസ്ഥ കോടതിയില് തെളിയിക്കാനായതിന് പിന്നാലെ മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില് യുവാവിനെ വെറുതെവിട്ടു. ബെല്ജിയം ബൂഷ് സ്വദേശിയായ 40കാരനാണ് ഒടുവില് കേസില് നിന്ന് കുറ്റവിമുക്തനായത്. ശരീരം സ്വയം ആല്ക്കഹോള് ഉത്പാദിപ്പിക്കുന്ന അപൂര്വാസ്ഥയാണ് 'ഓട്ടോ ബ്രൂവറി സിന്ഡ്രോം'. ലോകത്താകെ ഇരുപതോളം പേര്ക്ക് മാത്രമാണ് ഈ രോഗാവസ്ഥയുള്ളതെന്നാണ് റിപ്പോര്ട്ട്. ബെല്ജിയത്തില് മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില് പിടിയിലായ 40 കാരനും എബിഎസ് ആണെന്ന് അഭിഭാഷകര്ക്ക് കോടതിയില് തെളിയിക്കാനായതാണ് കേസില് നിര്ണായകമായത്. മൂന്ന് ഡോക്ടര്മാര് ഇദ്ദേഹത്തെ പരിശോധിക്കുകയും എബിഎസ് ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്ന്ന് കോടതി ഇത് അംഗീകരിച്ചതോടെയാണ് 40 കാരന് കേസില്നിന്ന് പൊലീസ്കുറ്റവിമുക്തനായത്.

മദ്യപിച്ച് വാഹനമോടിച്ചതിന് 2022 ഏപ്രിലിലാണ് ബ്രൂവറി ജീവനക്കാരനായ 40കാരനെതിരേ കേസെടുത്തത്. ബ്രത്ത് അനലൈസര് ഉപയോഗിച്ച് നടത്തിയ പരിശോധനയില് 0.91 മില്ലിഗ്രാം ആയിരുന്നു റീഡിങ്. തുടര്ന്ന് ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയില് 0.71 മില്ലിഗ്രാമും റീഡിങ് കാണിച്ചു. ബ്രത്ത് അനലൈസറില് 0.22 മില്ലിഗ്രാമില് കൂടുതല് റീഡിങ് കാണിച്ചാല് മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചുമത്തി കേസെടുക്കാമെന്നാണ് ബെല്ജിയത്തിലെ നിയമം. 2019ലും സമാനകുറ്റം ചുമത്തി 40കാരനെതിരേ പോലീസ് കേസെടുത്തിരുന്നു. മദ്യപിച്ചിട്ടില്ലെന്ന് ആവര്ത്തിച്ച് പറഞ്ഞിട്ടും അന്ന് ഇദ്ദേഹത്തിന് പിഴ അടക്കേണ്ടിവന്നു. ഡ്രൈവിങ് ലൈസന്സും അധികൃതര് സസ്പെന്ഡ് ചെയ്തു. ഇതിനുപിന്നാലെയാണ് 2022ലും സമാനകേസില് 40കാരനെ പൊലീസ്പിടികൂടിയത്. 'ഗട്ട് ഫെര്മന്റേഷന്' അഥവാ 'ഓട്ടോ ബ്രൂവറി സിന്ഡ്രോം' എന്ന അപൂര്വ രോഗാവസ്ഥയാണ് തന്നെ ബാധിച്ചിരിക്കുന്നതെന്ന് കോടതിയില് ബോധ്യപ്പിക്കാനായതോടെയാണ് 40കാരന് കേസുകളില്നിന്ന് മോചനം ലഭിച്ചത്.

കുടലില് ചില പ്രത്യേക ഫംഗസുകള് അമിതമായി വളരുകയും ഇത് കാര്ബോഹൈഡ്രേറ്റ്സിനെ ആല്ക്കഹോളാക്കി മാറ്റുകയും ചെയ്യുന്ന അവസ്ഥയാണ് എബിഎസ്. ഇതുകാരണം രക്തത്തിലെ ആല്ക്കഹോളിന്റെ അളവ് വര്ധിക്കും. മാത്രമല്ല, മദ്യപിച്ചില്ലെങ്കില് പോലും മദ്യപിച്ചതിന്റെ ലക്ഷണങ്ങള് ശരീരം കാണിക്കുമെന്നും റിപ്പോര്ട്ടുകളില് പറയുന്നു.

മാർക്കസ് സ്റ്റോയ്നിസ്; ചെപ്പോക്കിലെ മഞ്ഞക്കോട്ട തകർത്തവൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us