പാരീസ്: പാരീസിൽ ലേലത്തിന് വെക്കാനൊരുങ്ങുന്ന, 1986 ലോകകപ്പിലെ മികച്ച താരമെന്ന നിലയിൽ ഡിയാഗോ മറഡോണയ്ക്ക് കിട്ടിയ ഗോൾഡൻ ബോൾ വർഷങ്ങൾക്ക് മുമ്പ് മോഷണം പോയതാണെന്ന ആരോപണവുമായി മറഡോണയുടെ മക്കൾ രംഗത്ത്. ലേലം തടയാൻ കോടതിയെ സമീപിക്കുമെന്നും മക്കൾ അറിയിച്ചു. മറഡോണയ്ക്ക് കിട്ടിയ പുരസ്കാരം ജൂൺ 6ന് ലേലത്തിൽ വെക്കുമെന്ന് ഫ്രഞ്ച് കമ്പനിയായ അഗ്യൂട്ട്സ് നേരത്തെ അറിയിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഗോൾഡൻ ബോളിൽ അവകാശവാദമുന്നയിച്ച് മറഡോണയുടെ അനന്തരാവകാശികൾ രംഗത്തെത്തിയത്.
ലേലം തടയണമെന്നാവശ്യപ്പെട്ട് അടിയന്തര അപേക്ഷ നൽകുമെന്ന് ഇവരുടെ അഭിഭാഷകനായ ഗിലസ് മോറു പ്രതികരിച്ചു. ട്രോഫി മോഷണം പോയതാണെന്ന പരാതി ഉടൻ കൈമാറുമെന്നും ഗിലസ് പറഞ്ഞു. 1986ൽ തങ്ങളുടെ പിതാവിന് ലഭിച്ച പുരസ്കാരം എവിടെയാണെന്ന് വർഷങ്ങളായി അറിവിയില്ലായിരുന്നുവെന്നും പിന്നീട് 2006 ലാണ് ഒരു സ്വകാര്യ ശേഖരത്തിൽ നിന്ന് ഇത് കണ്ടെടുക്കുന്നത് എന്നുമാണ് മക്കളുടെ വാദം. ചൂതാട്ടത്തിൽ വൻതുക നഷ്ടമായ മറഡോണ ഈ നഷ്ടം നികത്തുന്നതിന് അദ്ദേഹത്തിന്റെ പൂർവ്വ കാലത്ത് ഒരു സ്വകാര്യ വ്യക്തിക്ക് വില്പന നടത്തിയതാണ് ഈ ഗോൾഡൻ ബോൾ എന്നാണ് ലേലം നടത്തുന്ന കമ്പനി പറയുന്നത്. എന്നാൽ ഇറ്റാലിയൻ നഗരമായ നേപ്പിൾസിലെ ഒരു ബാങ്ക് ലോക്കറിൽ സൂക്ഷിച്ചു വെച്ചിരുന്ന ഗോൾഡൻ ബോൾ അവിടെ നിന്നും മോഷണം പോയതാണെന്ന് മറഡോണയുടെ മക്കൾ വാദിക്കുന്നു .
ടോട്ടൻഹാമിനെയും വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി,കിരീടം ഒരു വിജയം അകലെ