ഹെലികോപ്റ്റര് അപകടം; ഇറാന് പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

രക്ഷാപ്രവര്ത്തകര്ക്ക് ഇതുവരെ സംഭവസ്ഥലത്ത് എത്തിച്ചേരാന് സാധിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു

dot image

ടെഹ്റാൻ: ഹെലികോപ്റ്റര് അപകടത്തില്പ്പെട്ട ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈന് അമീര്-അബ്ദുള്ളാഹിയനെയും ഇതുവരെ കണ്ടെത്താനായില്ല. അസര്ബൈജാന്-ഇറാന് അതിര്ത്തിയിലെ മലനിരകളിലാണ് ഹെലികോപ്റ്റര് അപകടം നടന്നത്. രക്ഷാപ്രവര്ത്തകര്ക്ക് ഇതുവരെ സംഭവസ്ഥലത്ത് എത്തിച്ചേരാന് സാധിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ഹെലികോപ്ടര് ഹാര്ഡ് ലാന്ഡ് ചെയ്തുവെന്നായിരുന്നു ആദ്യ റിപ്പോര്ട്ട്. എന്നാല് വാര്ത്താ ഏജന്സിയായ ഇര്ന റിപ്പോര്ട്ട് ചെയ്യുന്നത് അപകടത്തെക്കുറിച്ച് കുടുതല് വിവരങ്ങള് ലഭ്യമല്ലെന്നാണ്. പര്വ്വതാരോഹകര് രക്ഷാപ്രവര്ത്തനത്തില് പങ്കുചേര്ന്നതായും വാർത്താ ഏജൻസിയായ ഇര്ന റിപ്പോര്ട്ട് ചെയ്യുന്നു.

കടുത്ത തണുപ്പുള്ള പ്രദേശത്താണ് അപകടം നടന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്ന്ന് വ്യോമ മാർഗ്ഗമുള്ള പരിശോധന സാധ്യമല്ലെന്നാണ് ഇര്ന റിപ്പോര്ട്ട് ചെയ്യുന്നത്. വിമാനങ്ങളോ ഹെലികോപ്റ്ററും ഉപയോഗിച്ചുള്ള തിരച്ചിലും സാധ്യമായിട്ടില്ലെന്നാണ് റിപ്പോര്ട്ട്. കരമാര്ഗ്ഗമുള്ള തിരച്ചിലാണ് നടക്കുന്നത്. ഇറാനിയന് വിദേശകാര്യ മന്ത്രി ഹുസൈന് അമീര്-അബ്ദുള്ളാഹിയനും ഇറാന്റെ തെക്കന് അസര്ബൈജാന് പ്രവിശ്യാ ഗവര്ണർ മാലിക് റഹ്മതി അടക്കമുള്ളവർ ഇറാനിയന് പ്രസിഡന്റിനൊപ്പം ഹെലികോപ്റ്ററില് ഉണ്ടായിരുന്നു. ഇറാനിയന് പ്രസിഡന്റിനായി മഷാദ് നഗരത്തിലെ ഇമാം റെസ ദേവാലയത്തില് അടക്കം രാജ്യത്തുടനീളം ആളുകള് പ്രാര്ത്ഥിക്കുന്ന ദൃശ്യങ്ങൾ സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്തു.

അണക്കെട്ട് ഉദ്ഘാടനത്തിനായാണ് ഇറാന് പ്രസിഡന്റ് അസര്ബൈജാനിലെത്തിയത്. അസര്ബൈജാന് പ്രസിഡന്റ് ഇല്ഹാം അല്യേവിനൊപ്പമാണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. അസര്ബൈജാനും ഇറാനും ചേര്ന്ന് അരാസ് നദിയില് നിര്മിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടനമായിരുന്നു നടന്നത്. മെയ് 19നായിരുന്നു റെയ്സി അസര്ബൈജാനിലെത്തിയത്. നേരത്തെ 2023 ടെഹ്റാനിലെ അസര്ബൈജാന് എംബസിക്ക് നേരെയുണ്ടായ വെടിവെയ്പ്പും ഇറാന്റെ ഷിയാനേതൃത്വം പ്രധാന ശത്രുവായി കാണുന്ന ഇസ്രായേലുമായുള്ള അസര്ബൈജാനിന്റെ നയതന്ത്ര ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില് വിള്ളല് വീഴ്ത്തിയിരുന്ന പശ്ചാത്തലത്തിലായിരുന്നു റെയ്സിയുടെ അസര്ബൈജാന് സന്ദര്ശനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us