ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി ഇറാനിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ പ്രമുഖനാണ്. ഇസ്രയേലിൻ്റെയും ഇറാനെ എതിർക്കുന്ന പാശ്ചാത്യശക്തികകളുടെയും കണ്ണിലെ കരടാണ് ഇബ്രാഹീം റെയ്സി. 2021ലാണ് ഇറാൻ പ്രസിഡന്റായി ഇബ്രാഹിം റെയ്സി അധികാരമേറ്റത്. ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനിയുടെ പിൻഗാമിയാകുമെന്നുവരെ കരുതപ്പെടുന്ന കരുത്തുറ്റ നേതാവാണ് ഇബ്രാഹിം റെയ്സി.
സയ്യിദ് ഇബ്രാഹിം റെയ്സി അൽ സാദത്തി എന്നാണ് പൂർണനാമധേയം. അതു ചുരുക്കിയാണ് 'റെയ്സി' ആയത്. 'റെയ്സി' എന്നാൽ തലവൻ എന്നാണ് അര്ത്ഥം. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനിയുടെ വിശ്വസ്തൻ എന്നതാണ് റെയ്സിയുടെ സുപ്രധാന രാഷ്ട്രീയ മൂലധനം. അയത്തൊള്ള ഖൊമേനിയുടെ പിൻഗാമി എന്നുവരെ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അതേസമയം 'തീവ്രയാഥാസ്ഥിതികൻ' എന്നാണ് പാശ്ചാത്യ മാധ്യമങ്ങള് റെയ്സിക്ക് നല്കിയിരിക്കുന്ന വിശേഷണം.
1960 ഡിസംബർ 14ന് ഖുറാസാൻ പ്രവിശ്യയിലെ മശ്ഹദിൽ ജനനം. പേർഷ്യൻ പുരോഹിത കുടുംബമായിരുന്നു റെയ്സിയുടേത്. മതപാഠശാല അധ്യാപകനായിരുന്ന പിതാവ് അഞ്ചാം വയസ്സിൽ മരിച്ചു. റെയ്സിയുടെ വിദ്യാഭ്യാസവും ആ വഴിക്കുതന്നെയായിരുന്നു. ഷിയാ മുസ്ലിംകളുടെ തീർഥാടന നഗരങ്ങളിലൊന്നായ ഖുമിലെ ഒരു മതപാഠശാലയിൽനിന്നാണ് പഠനം ആരംഭിച്ചത്. വിദ്യാര്ത്ഥിയായിരിക്കെ അയത്തെള്ള ഖൊമേനിയുടെ പിന്തുണയ്ക്കുന്ന ഹഖാനി ഗ്രൂപ്പിന്റെ ഭാഗമായി. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുപിന്നാലെ, ഖുമൈനിയുടെ ഇഷ്ടക്കാരനുമായി.
20-ാം വയസ്സിൽ അൽബുർസ് പ്രവിശ്യയുടെ തലസ്ഥാനമായ കരാജിൽ പ്രോസിക്യൂട്ടറായി നിയമിക്കപ്പെടുന്നത് ആ ഇഷ്ടത്തിൻ്റെ പുറത്താണ്. വൈകാതെ പ്രവിശ്യ പ്രോസിക്യൂട്ടറായി പിന്നാലെ തെഹ്റാൻ്റെ ഡെപ്യൂട്ടി പ്രോസിക്യൂട്ടർ പദവിയിലെത്തി. പിന്നീട് ജുഡീഷ്യറിയിൽ സവിശേഷ പദവിയും അലങ്കരിച്ചു. ഇക്കാലത്താണ് ഇറാനിൽ രാഷ്ട്രീയ വിമതർക്ക് കൂട്ടത്തോടെ വധശിക്ഷ നടപ്പാക്കിയത്. ആംനസ്റ്റിയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം അയ്യായിരത്തോളം പേരാണ് റെയ്സിയുടെ കൂട്ടരുടെയും പ്രോസിക്യൂഷന് വിധേയമായി ജീവൻ നഷ്ടമായത്. ഇതിൻ്റെ പേരിൽ പല രാജ്യങ്ങളിലും റെയ്സിയ്ക്ക് സഞ്ചാര വിലക്കുണ്ട്. അതേസമയം മരണശിക്ഷ വിധിച്ചവരിൽ താനില്ലെന്നായിരുന്നുവെന്ന് പലതവണ റെയ്സിയുടെ വ്യക്തമാക്കിട്ടുണ്ട്. 2017ൽ ആദ്യമായി പ്രസിഡന്റ് പദവിയിലേക്ക് അങ്കം കുറിച്ചെങ്കിലും പരാജയപ്പെട്ടു. 2019ൽ ജുഡീഷ്യറി മേധാവി പദവിയും തേടിയെത്തിയ റെയ്സി രണ്ടുവർഷത്തിനുശേഷം 2021 ജൂണിൽ 62 ശതമാനം വോട്ടുനേടി പ്രസിഡന്റുമായി. അധ്യാപികയും എഴുത്തുകാരിയുമായ ജുമൈല സാദത്താണ് ഭാര്യ. രണ്ടു പെൺമക്കളുണ്ട്.