ഇറാൻ, അവയവങ്ങൾ വാങ്ങാനും വിൽക്കാനും അനുവദിക്കുന്ന ഏക രാജ്യം. 1988ലാണ് ജീവനുള്ള വൃക്ക ദാനം ചെയ്യുന്നത് രാജ്യത്ത് നിയമവിധേയമായത്. അവയവം മാറ്റിവെക്കൽ സംവിധാനം കാര്യക്ഷമമല്ല എന്നതായിരുന്നു ഇതിനുള്ള കാരണം.
ഫലപ്രദവും സുരക്ഷിതവുമായ അവയവ വ്യാപാര മാതൃകയെന്നാണ് അവയവ വ്യാപാരത്തിന്റെ വക്താക്കൾ ഇറാനെ വാഴ്ത്തുന്നത്. അവയവ വ്യാപാരം നിയമവിധേയമാണെങ്കിലും ചില നിയന്ത്രണങ്ങളുമുണ്ട്. ഫൗണ്ടേഷൻ ഫോർ സ്പെഷ്യൽ ഡിസീസസ് ആണ് സർക്കാർ പിന്തുണയോടെ വ്യാപാരം നിയന്ത്രിക്കുന്നത്.
ലാഭേച്ഛയില്ലാത്ത ചില സംഘടനകൾ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ദാതാക്കളും സ്വീകർത്താക്കളുമായി ഇവർ സംസാരിക്കുന്നു, അനുയോജ്യത ഉറപ്പാക്കാൻ പരിശോധനകൾ സജ്ജീകരിക്കുന്നു. വില താങ്ങാൻ കഴിയാത്ത സ്വീകർത്താക്കളെ സാമ്പത്തികമായി സഹായിക്കുന്നു. ദാതാക്കൾക്ക് സർക്കാരിൽ നിന്ന് ടാക്സ് ക്രെഡിറ്റ്, നഷ്ടപരിഹാരം, ആരോഗ്യപരിരക്ഷാ ഇൻഷുറൻസ് തുടങ്ങിയവ ഉറപ്പാക്കുന്നു. ചിലർക്ക് തൊഴിലും വാഗ്ദാനം ചെയ്യുന്നു. അവയവ വ്യാപാര വിപണി രാജ്യത്തിന്റെ അതിർത്തികൾക്കുള്ളിൽ നിൽക്കണമെന്നാണ് വ്യവസ്ഥ. ഇറാൻ പൗരൻമാരുടെ അവയവങ്ങൾ വാങ്ങാൻ വിദേശികൾക്ക് അനുവാദമില്ല. മറ്റ് രാജ്യങ്ങളിൽ നിന്ന് അവയവങ്ങൾ സ്വീകരിക്കാനും പാടില്ല. ഇറാൻ പൗരൻമാർക്ക് പരസ്പരം അവയവ കൈമാറ്റത്തിന് മാത്രമാണ് നിയമസാധുത.
ഇറാനിൽ എഴുപത് ശതമാനം ദാതാക്കളും ദരിദ്രർ എന്നാണ് കണക്ക്. ഈ ഇറാനിയൻ സംവിധാനം ഒരു തരത്തിൽ നിർബന്ധിതമാണെന്ന വിമർശനവുമുണ്ട്. ഇറാന്റെ നിയമപരമായ വിപണിയിൽ ഒരു വൃക്കയുടെ വില 23 മുതൽ 37 ലക്ഷംവരെയാണ്. ദാതാക്കൾക്ക് ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപ നൽകണമെന്ന് നിർബന്ധമുണ്ട്.
നിയമപരമായ അവയവ വ്യാപാരത്തിന് ഒരു മറുവശമുണ്ട്, കരിഞ്ചന്ത. വൃക്കയ്ക്ക് കരിഞ്ചന്തയിൽ 80 ലക്ഷത്തിലേറെയാണ് വില. ഇതിൽ ഏറിയപങ്കും ഇടനിലക്കാർക്ക് ലഭിക്കും. ദാതാക്കൾക്ക് ലഭിക്കുന്നത് ഒരു ലക്ഷം രൂപവരെ മാത്രമാണ്. ഇങ്ങനെയുള്ള അവയവമാറ്റങ്ങളിൽ അപകടവും കൂടുതലാണ്. സർക്കാർ സംവിധാനങ്ങൾ അറിയാതെ ശസ്ത്രക്രിയകൾ നടത്തണം. ഇത് ദാതാവിനും സ്വീകർത്താവിനും അപകടം വിളിച്ചുവരുത്തുന്നു, പലരോഗങ്ങളും പിടിപെടുന്നു. മരണനിരക്കും കൂടുതലാണ്. അവയവ ദാതാക്കളുടെ ആരോഗ്യത്തെ കുറിച്ച് പിന്നീട് ഒരു അന്വേഷണവും ഉണ്ടാകുന്നില്ല. അങ്ങനെ ഇറാനിലെ ദാതാക്കൾ ആരോഗ്യത്തിലും വൈകാരിക തലത്തിലും പ്രതികൂല സാഹചര്യങ്ങളിൽ ജീവിക്കുന്ന അവസ്ഥ. പ്രതിവർഷം ഇറാനിൽ 8,000 മസ്തിഷ്ക മരണമെന്നാണ് ശരാശരി കണക്ക്. പക്ഷേ പ്രവർത്തനക്ഷമമായ ആയിരത്തിൽ താഴെ അവയവങ്ങളുടെ കൈമാറ്റം മാത്രമാണ് നടക്കുന്നത്.