ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; അപ്രതീക്ഷിത നീക്കവുമായി ഋഷി സുനക്

ഋഷി സുനകിന്റെ സർക്കാരിന് എട്ട് മാസം കാലാവാധി ബാക്കി നിൽക്കെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം

dot image

ലണ്ടൻ: ബ്രിട്ടണിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്. ജൂലൈ നാലിനാണ് തിരഞ്ഞെടുപ്പ് നടക്കുക. പാർലമെന്റ് പിരിച്ചുവിടാൻ ബ്രിട്ടീഷ് രാജാവിന്റെ അനുമതി ലഭിച്ചതോടെയാണ് അപ്രതീക്ഷിത നീക്കം. ഋഷി സുനകിന്റെ സർക്കാരിന് എട്ട് മാസം കാലാവാധി ബാക്കി നിൽക്കെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. 2025 ജനുവരി വരെ സുനക് സർക്കാരിന് കാലാവധിയുണ്ട്.

ഇനി ബ്രിട്ടന്റെ ഭാവി തീരുമാനിക്കാനുള്ള സമയമാണ് എന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോട് അദ്ദേഹം പ്രതികരിച്ചത്. 2022 ഒക്ടോബറിലാണ് ഋഷി സുനക് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. സുനകിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് മേൽക്കൈ നഷ്ടപ്പെട്ടിരിക്കെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം എന്ന പ്രത്യേകതയുമുണ്ട്.

അതേസമയം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോയ സമയം കൂടിയായിരുന്നു ഇന്ത്യൻ വംശജനായ ഋഷി സുനകിന്റെ ഭരണകാലം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി കാലത്താണ് അധികാരത്തിലേറിയതെന്നും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനായെന്നുമാണ് സുനകിന്റെ പ്രതികരണം.

എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ലേബർ പാർട്ടിക്ക് വ്യക്തമായ മേൽക്കൈ നേടാനായിട്ടുണ്ടെന്നാണ് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ലേബർ പാർട്ടി സ്വാഗതം ചെയ്തിട്ടുണ്ട്. സുനകിന്റെ ഭരണത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധി അവസാനിപ്പിക്കാനുള്ള അവസരമാണെന്നും ഇത്തവണ മാറ്റം സംഭവിക്കുമെന്നുമാണ് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പ്രതികരിച്ചത്. ലേബർ പാർട്ടിക്ക് വോട്ട് ചെയ്യുക എന്നാൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കുള്ള വോട്ടാണെന്നും അദ്ദേഹം പൌരന്മാരോട് പറഞ്ഞു.

dot image
To advertise here,contact us
dot image