ആഡിസ് അബാബ: കേൾക്കുമ്പോൾ വിചിത്രമാണ് മുലുവോര്ക് അംബൗ എന്ന എത്യോപ്യൻ യുവതിയുടെ അവകാശവാദം. 16 വർഷമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് അംബൗ പറയുന്നത്. പത്താം വയസ്സില് കഴിച്ച പയര് പയാസമായിരുന്നു ജീവിതത്തില് ഇതുവരെ കഴിച്ച അവസാന ഭക്ഷണം. കുട്ടിക്കാലത്ത് സ്കൂളില് പോകുമ്പോള് ഭക്ഷണം കഴിക്കാന് വീട്ടുകാര് നിര്ബന്ധിക്കും. എന്നാല്, കഴിച്ചു എന്ന് കളവു പറഞ്ഞായിരുന്നു മുലുവോര്ക് അംബൗ ദിവസവും സ്കൂളില് പോകാറുള്ളത്. ഈ നുണ പിന്നീട് വര്ഷങ്ങളോളം പതിവാക്കി. അങ്ങനെ 16 വര്ഷമായി എത്യോപ്യ സ്വദേശിയായ 26 കാരി മുലുവോര്ക് അംബൗ എന്ന യുവതി ഭക്ഷണമോ വെള്ളമോ കഴിക്കാതെയാണ് ജീവിക്കുന്നത്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ഭക്ഷണമില്ലാതെയാണ് ജീവിതമെങ്കിലും ഇതുകൊണ്ടൊന്നും ഇവര് യാതൊരു ആരോഗ്യ പ്രശ്നമില്ല എന്നതാണ് അതിശയകരമായ മറ്റൊരു കാര്യം.
'തനിക്ക് വിശപ്പ് അനുഭവപ്പെട്ടില്ല' എന്നാണ് ഒന്നര പതിറ്റാണ്ടിന്റെ 'ഉപവാസ' രഹസ്യമായി ഇവര് പറയുന്നത്. ആഹാരം കഴിക്കാതെ ആരോഗ്യത്തോടെ ഇരിക്കുന്ന ഇവരുടെ അവസ്ഥ വിവിധ പരിശോധനകള്ക്കും വിധേയമാക്കപ്പെട്ടിരുന്നു. പല വര്ഷങ്ങളിലായി ഇന്ത്യ, ഖത്തര്, ദുബായ് തുടങ്ങിയ പലയിടങ്ങളിലെയും ആരോഗ്യവിദഗ്ധര് അംബൗവിനെ പരിശോധിച്ചു. ദഹന വ്യവസ്ഥയില് ഭക്ഷണമോ വെള്ളമോ മാലിന്യങ്ങളോ ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്, അംബൗവിന് എന്തെങ്കിലും രോഗമുള്ളതായി ഡോക്ടര്മാര്ക്ക് കണ്ടെത്താന് സാധിച്ചില്ല. എന്നുമാത്രമല്ല യുവതി പൂര്ണ ആരോഗ്യവതിയാണെന്ന് അവര് വിധിയെഴുതുകയും ചെയ്തു. ഗിന്നസ് റെക്കോര്ഡ് ജേതാവായ ഡ്രു ബിന്സ്കി അടുത്തയിടെ അംബൗവിനെ സന്ദര്ശിച്ചിരുന്നു. ഭക്ഷണം കഴിക്കാത്തതുകൊണ്ട് തന്നെ ഇക്കാലമത്രയും ടോയ്ലെറ്റും ഉപയോഗിക്കേണ്ടിവന്നില്ല. ഇന്ന് ഇവര് വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. താന് ആഹാരം കഴിക്കാറില്ലെങ്കിലും കുടുംബത്തിനായി പതിവായി ഭക്ഷണം പാകം ചെയ്യാറുണ്ടെന്നും അംബൗ പറയുന്നു.
ഭക്ഷണവും വെള്ളവുമില്ലാതെ ഇക്കാലമത്രയും ആരോഗ്യത്തോടെ ഇരുന്നെങ്കിലും ഗര്ഭകാലത്ത് ചില അസ്വസ്ഥതകള് അവർക്ക് അനുഭവപ്പെട്ടിരുന്നു. ശരീരത്തിന്റെ സ്വാഭാവിക ഊര്ജം നഷ്ടപ്പെടാതെ നിലനിര്ത്താന് ഗ്ലൂക്കോസ് കയറ്റേണ്ടിവന്നു. കുഞ്ഞിന്റെ ജനനശേഷം മുലപ്പാല് നല്കാനായില്ല എന്നതാണ് അംബൗ നേരിട്ട മറ്റൊരു പ്രശ്നം. ശരീരം മുലപ്പാല് ഉത്പാദിപ്പിക്കാത്തതു മൂലം കുഞ്ഞിനായി മറ്റു മാര്ഗങ്ങള് തേടിയിരുന്നു. 16 കൊല്ലം കഴിഞ്ഞ തനിക്ക് ഇനിയുള്ള കാലവും ജീവിതം ഇതേ രീതിയില് മുന്നോട്ടു കൊണ്ടുപോകാനാകുമെന്ന വിശ്വാസത്തിലാണ് അംബൗ. കേള്ക്കുമ്പോള് ആര്ക്കും വിശ്വസിക്കാനാവാത്തതിനാല് സംശയമുള്ളവര്ക്ക് തനിക്കൊപ്പം വന്ന് താമസിക്കാമെന്നും ഇവര് വെല്ലുവിളിക്കുന്നു. അസാധരണായ തന്റെ ഈ ശീലത്തെ 'ദൈവത്തിന്റെ പ്രതിഭാസ'മെന്ന് വിളിക്കാനാണ് ഈ യുവതിക്ക് താൽപ്പര്യം.