ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കാന് സ്ത്രീകള്ക്ക് അവകാശമുണ്ട്. എന്നാല് പലപ്പോഴും സ്ത്രീകള് ദുരുപയോഗത്തിനും വിവേചനത്തിനും വിധേയരാകുകയും അവകാശങ്ങള് നിഷേധിക്കപെടുന്ന സാഹചര്യങ്ങളിലൂടെ കടന്നു പോകുകയും ചെയ്യുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ലൈംഗികവും പ്രത്യുല്പാദനപരവുമായ സ്വയംഭരണാവകാശം എന്നിവ അവരുടെ ജീവിതത്തിന് നിര്ണായകമാണ്. നിര്ഭാഗ്യവശാല്, പലപ്പോഴും അത് അങ്ങനെ സംഭവിക്കാറില്ല. സ്ത്രീകളുടെ ഇത്തരം അവകാശ പ്രഖ്യാപനത്തെ കൂടി പ്രതിനിധീകരിച്ചാണ് എല്ലാ വര്ഷവും, സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവര്ത്തന ദിനം ആചരിക്കുന്നത്. ശബ്ദമുയര്ത്താനും തങ്ങള്ക്കുവേണ്ടി നിലകൊള്ളാനും അവകാശങ്ങള് നേടിയെടുക്കാനും സ്ത്രീകളെ പ്രചോദിപ്പിക്കുന്നതായി ഈ ദിനം മാറുന്നുണ്ട്.
ചരിത്രം
1987-ല്, കോസ്റ്റാറിക്കയിലെ വനിതാ മീറ്റിംഗില് ലാറ്റിനമേരിക്കന്, കരീബിയന് വിമന്സ് ഹെല്ത്ത് നെറ്റ്വര്ക്ക് (LACWHN) എല്ലാ വര്ഷവും മെയ് 28 സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവര്ത്തന ദിനമായി ആചരിക്കണമെന്ന് തീരുമാനിച്ചു. ലാറ്റിനമേരിക്കയില് ഉടനീളം ഇത് പ്രചരിപ്പിച്ചു. വിമന്സ് ഗ്ലോബല് നെറ്റ്വര്ക്ക് ഫോര് റീപ്രൊഡക്റ്റീവ് റൈറ്റ്സ് (WGNRR) ആഗോളതലത്തില് ഈ ദിനത്തെ പ്രോത്സാഹിപ്പിച്ചു. സ്ത്രീകളുടെ ആരോഗ്യപരിപാലനം മെച്ചപ്പെടുത്തുക, ഗര്ഭച്ഛിദ്രാവകാശങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുക, എച്ച്ഐവി/എയ്ഡ്സ്, ദാരിദ്ര്യം, ലൈംഗിക സ്വയംഭരണം, ഗര്ഭനിരോധന മാര്ഗ്ഗങ്ങളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ചര്ച്ചകള് ആരംഭിക്കുക എന്നതിലാണ് ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രാധാന്യം
ലോകമെമ്പാടുമുള്ള സ്ത്രീകളെ അവരുടെ ശബ്ദമുയര്ത്താനും അവകാശങ്ങള് നേടാനും പ്രേരിപ്പിക്കുക, ഇത്തരം പ്രചാരണങ്ങളെക്കുറിച്ച് സ്വയം ബോധവല്ക്കരിക്കുക എന്നതാണ് ഈ ദിനത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം. സ്ത്രീകള്ക്ക് അര്ഹമായ ജീവിതം ഉറപ്പാക്കുന്നതിനായി നടപടിയെടുക്കാനുള്ള ആഹ്വാനം കൂടിയാണ് ഈ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകള്ക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാന് കഴിയുന്ന പരിഷ്കാരങ്ങള് നടപ്പിലാക്കാനും, സ്ത്രീകളുടെ ദുരവസ്ഥ മനസ്സിലാക്കാനും, പൊതുജനങ്ങളും സര്ക്കാരും നയരൂപീകരണ നിര്മ്മാതാക്കളും ഒത്തുചേരാനും സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവര്ത്തന ദിനം അഭ്യര്ത്ഥിക്കുന്നു.