റഫയിലെ അഭയാര്ഥി ക്യാംപിന് നേരെ ഇസ്രയേല് ആക്രമണം; 40 പേര് കൊല്ലപ്പെട്ടു

ആക്രമണത്തിന് ഇരകളായവരില് ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും

dot image

ഗാസ: റഫയിലെ അഭയാര്ഥി ക്യാംപിന് നേരെയുള്ള ഇസ്രയേല് ആക്രമത്തില് 40 പേര് കൊല്ലപ്പെട്ടു. ടാല് അസ്-സുല്ത്താനിലെ ക്യാപുകള്ക്ക് നേരെയായിരുന്നു ഇസ്രായേല് ആക്രമണം. ആക്രമണത്തിന് ഇരകളായവരില് ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് അല്ജസീറ റിപ്പോര്ട്ട് ചെയ്യുന്നു. ഞായറാഴ്ച രാത്രിയാണ് ഇസ്രയേല് അഭയാര്ത്ഥി ക്യാപിന് നേരെ ആക്രമണം അഴിച്ചു വിട്ടത്. പ്രദേശിക സമയം രാത്രി 8.45നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്ട്ട്.

അപകടത്തിന് രണ്ട് ദിവസം മുമ്പെടുത്ത ആകാശദൃശ്യങ്ങള് പ്രകാരം നൂറ് കണക്കിന് അഭയാര്ത്ഥി ടെന്റുകള് ഇവിടെയുണ്ടായിരുന്നതായി വ്യക്തമാണെന്നും അല്ജസീറ റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. അഭയാര്ത്ഥി ക്യാമ്പിനുള്ളിലുണ്ടായിരുന്ന നിരവധി ആളുകള് ജീവനോടെ കത്തിയെരിഞ്ഞെന്നാണ് റിപ്പോര്ട്ട്. യുഎന്ആര്ഡബ്ല്യുഎ ലോജിസ്റ്റിക്സ് സ്പേസിന് സമീപത്തുള്ള ക്യാംപാണ് ആക്രമിക്കപ്പെട്ടത്. ജബലിയ, നുസൈറത്ത്, ഗാസ സിറ്റി എന്നിവിടങ്ങളിലും ഇസ്രയേല് ആക്രമണം നടത്തി. 24 മണിക്കൂറിനിടെ ഗാസയില് ഇസ്രയേല് നടത്തിയ ആക്രമണത്തില് 160 പേര് കൊല്ലപ്പെട്ടു. റഫയില് നടത്തുന്ന ആക്രമണം ഇസ്രയേല് ഉടന് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിട്ടിതിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്.

കൃത്യമായ ഇന്റലിജന്സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല് സൈന്യം വ്യക്തമാക്കുന്നത്. 'അന്താരാഷ്ട്ര നിയമപ്രകാരമുള്ള നിയമാനുസൃതമായാണ് ആക്രമണം നടത്തിയതെന്നും രണ്ട് 'മുതിര്ന്ന' ഹമാസ് ഉദ്യോഗസ്ഥരെ വധിച്ചതായും ഇസ്രായേല് സൈന്യം പ്രസ്താവനയില് പറഞ്ഞു. ഇസ്രയേല് ഗാസയില് യുദ്ധം ആരംഭിച്ച 2023 ഒക്ടോബര് ഏഴിന് ശേഷം 35,984 പലസ്തീനികള് കൊല്ലപ്പെട്ടു. 80,643 പേര്ക്ക് പരിക്ക് പറ്റിയതായുമാണ് റിപ്പോര്ട്ട്.

കഴിഞ്ഞ ദിവസം ഗാസയില് നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തലസ്ഥാനമായ ടെല്അവീവ് ഉള്പ്പെടെ പലയിടത്തും അപായസൈറണ് മുഴങ്ങിയിരുന്നു. എന്നാൽ വ്യോമ പ്രതിരോധ സംവിധാനങ്ങള് മിസൈലുകളെ പ്രതിരോധിച്ചെന്നായിരുന്നു ഇസ്രയേല് പ്രതികരണം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായിട്ടായിരുന്നു റിപ്പോർട്ടുകൾ. ജബലിയ ക്യാമ്പിലെ ഇസ്രയേലി സൈനികരെ പിടികൂടുകയും കൊല്ലുകയും ചെയ്തെന്ന് ഹമാസ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദം ഇസ്രയേൽ മിലിറ്ററി തള്ളിയിരുന്നു. ഇതിനിടെ ഈജിപ്തിൽ നിന്ന് സാധനങ്ങളുമായി നാല് ട്രക്കുകൾ ഗാസയിൽ എത്തിയിട്ടുണ്ട്.

റഫയില് നടത്തുന്ന ആക്രമണം ഇസ്രയേല് ഉടന് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിട്ടിരുന്നു. ഗാസയിലെ ഇസ്രയേല് അധിനിവേശം തടയണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നല്കിയ ഹരജിയില് വിധി പറയുകയായിരുന്നു കോടതി. കൂടാതെ ബന്ദികളെ ഹമാസ് നിരുപാധികം വിട്ടയക്കണമെന്നും കോടതി ആവശ്യപ്പെട്ടു. റഫ ആക്രമണം പലസ്തീനികളുടെ സ്ഥിതി കൂടുതല് പരിതാപകരമാക്കി. കരയാക്രമണം കാരണം അഭയാര്ഥികളാകുന്നവരുടെ എണ്ണം ഇനിയും ഉയരും. എട്ട് ലക്ഷത്തിലേറെ പലസ്തീനികള് അഭയാര്ത്ഥികളായി മാറി.

പലസ്തീന് ജനതയെ അപകടത്തിലേക്ക് തള്ളിവിടുന്ന നടപടികളില് നിന്ന് ഇസ്രയേല് പിന്മാറണമെന്നും കോടതി ആവശ്യപ്പെട്ടു. റഫയില് ആക്രമണം സിവിലിയന് കൂട്ടക്കുരുതിക്ക് ആക്കം കൂട്ടുകയാണ്. യുഎന് വംശഹത്യാ ചട്ടപ്രകാരം റഫ ആക്രമണം പൂര്ണ തകര്ച്ചയിലേക്കാവും കാര്യങ്ങള് എത്തിക്കുക. ഗാസയിലെ ദുരന്തപൂര്ണ്ണമായ അവസ്ഥ മുന്നിര്ത്തി നേരത്തെ പുറപ്പെടുവിച്ച കോടതി ഉത്തരവ് ഇസ്രയേല് നടപ്പാക്കണം. ഗാസയില് എവിടെയും പ്രവേശിച്ച് അന്വേഷണം നടത്താന് ഇസ്രായേല് അനുമതി നല്കണം. റഫയില് എല്ലാ സൈനിക നടപടികളും ഉടന് നിര്ത്തണം. റഫ അതിര്ത്തി തുറന്ന് ഗാസയില് ഉടനീളം സഹായം എത്തിക്കാന് വൈകരുതെന്നും കോടതി ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us