ന്യൂഡൽഹി: ഗസയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രയേൽ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശനം നിരോധിക്കാനൊരുങ്ങി മാലിദ്വീപ് സർക്കാർ. ജൂൺ രണ്ട് മുതൽ ഇസ്രയേൽ പൗരന്മാർക്ക് മാലിദ്വീപിൽ പ്രവേശിക്കാൻ നിയമപരമായ സാധുതയില്ലെന്ന് ആഭ്യന്തര സുരക്ഷാ, സാങ്കേതിക മന്ത്രി അലി ഇഹുസൻ പറഞ്ഞു. തീരുമാനം നടപ്പിലാക്കാൻ മന്ത്രിമാരുടെ പ്രത്യേക ക്യാബിനറ്റ് കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു.
പലസ്തീൻ ജനതയുടെ ആവശ്യങ്ങൾ വിലയിരുത്താൻ ഒരു പ്രത്യേക ദൂതനെ നിയമിക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് മുയിസുവിന്റെ ഓഫീസ് അറിയിച്ചു. പലസ്തീനിലെ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയുടെ സഹായത്തോടെ ധനസമാഹരണ കാമ്പയിൻ ആരംഭിക്കാനും തീരുമാനിച്ചതായി മുഹമ്മദ് മുയിസ് അറിയിച്ചു.
റഫ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മാലദ്വീപ് നടപടി കടുപ്പിച്ചത്. നേരത്തെ, റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ മാലദ്വീപ് അപലപിച്ചിരുന്നു. സാധാരണക്കാർക്ക് നേരെയുള്ള ഇത്തരം ബോധപൂർവമായ ആക്രമണവും വംശഹത്യയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അട്ടിമറിക്ക് സാധ്യതയുണ്ട്, തപാൽ വോട്ടുകൾ ആദ്യമെണ്ണണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇൻഡ്യ മുന്നണി