മെക്സിക്കോയില് ഇടതുപക്ഷത്തിന് വന് വിജയം; ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡണ്ടായി ക്ലൗദിയ ഷെയിന്ബാം

മുന് കാലാവസ്ഥ ശാസ്ത്രജ്ഞ കൂടിയായിരുന്ന ക്ലൗദിയ ഷെയിന്ബാം വിദ്യാര്ത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു

dot image

മെക്സിക്കോ സിറ്റി: മെക്സിക്കന് തെരഞ്ഞെടുപ്പില് ഇടതുപക്ഷ പാര്ട്ടിയായ മൊറേനയ്ക്ക്(MORENA) വന് വിജയം. 58.3 ശതമാനം വോട്ടുകള് നേടി ക്ലൗദിയ ഷെയിന്ബാം ആണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മെക്സിക്കോയുടെ ചരിത്രത്തില് ആദ്യമായാണ് ഒരു വനിത, പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്. മുന് കാലാവസ്ഥ ശാസ്ത്രജ്ഞ കൂടിയായിരുന്ന ക്ലൗദിയ ഷെയിന്ബാം വിദ്യാര്ത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു.

ജൂണ് 2 ന് നടന്ന തെരഞ്ഞെടുപ്പില് ഏകദേശം 10 കോടി ആളുകള് വോട്ട് ചെയ്തതായാണ് കണക്കുകള് വന്നത്. കനത്ത ചൂടിനെ അവഗണിച്ചുകൊണ്ട് പോളിങ് സ്റ്റേഷനുകളില് അനുഭവപ്പെട്ട തിരക്ക് വാര്ത്തകളില് ഇടം പിടിച്ചിരുന്നു. മെക്സിക്കോയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. നിരവധി സ്ഥാനാര്ത്ഥികള് കൊല്ലപ്പെടുകയും എതിരാളികളാല് ആക്രമിക്കപ്പെടുകയും ചെയ്തു.

തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിലുടനീളം ക്ലൗദിയ ഷെയിന്ബാമിന് വിജയം ഉറപ്പിച്ച മട്ടിലായിരുന്നു പ്രവചനങ്ങള്. എക്സിറ്റ്പോള് സര്വേകളും ഷെയിന്ബാമിന് അനുകൂലമായിരുന്നു. ഷെയിന്ബാമിന്റെ പ്രധാന എതിരാളിയായിരുന്ന സൊചിതില് ഗാല്വേസിന് 26.6 ശതമാനം വോട്ടുകള് മാത്രമാണ് നേടാനായത്.

2023ലെ കണക്കുപ്രകാരം നിലവില് മെക്സിക്കോയിലെ ഏറ്റവും വലിയ പാര്ട്ടിയാണ് മൊറേന. 2018 മുതല് 2023 വരെയുള്ള കാലയളവില് മെക്സിക്കോ സിറ്റി ഗവണ്മെന്റിന്റെ മേധാവിയായിരുന്ന ഷെയിന്ബാം നഗരത്തില് ഒട്ടേറെ മാറ്റങ്ങള് കൊണ്ടുവരികയും സ്ത്രീകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുവേണ്ടി നിര്ണായകമായ നടപടികള് കൈക്കൊള്ളുകയും ചെയ്തിരുന്നു. പരിസ്ഥിതി പ്രവര്ത്തനത്തിന്റെ ഭാഗമായി 2007ല് നൊബേല് സമ്മാനം നേടിയ 'ഇന്റര്ഗവണ്മെന്റല് പാനല് ഓണ് ക്ലൈമറ്റ് ചേഞ്ചി'ല് അംഗം കൂടിയായിരുന്നു ക്ലൗദിയ ഷെയിന്ബാം.

2014-ല് മൊറേന പാര്ട്ടി സ്ഥാപിച്ച പോപ്പുലിസ്റ്റ് നേതാവ് ആന്ദ്രേ ഒബ്രഡോറിന്റെ പാതയാണ് ഷെയിന്ബോമും പിന്തുടരുന്നത്. ഒബ്രഡോറിന് ലഭിച്ചിരുന്ന പിന്തുണയും ഷെയിന്ബോമിന് തുണയായി. പ്രായമായവര്, ഭര്ത്താവില്ലാത്ത മക്കള്ക്കൊപ്പം താമസിക്കുന്ന സ്ത്രീകള്ക്കുള്ള ധനസഹായം, രാജ്യത്തിന്റെ ദരിദ്രമായ പ്രദേശങ്ങളില് മുന്നിര അടിസ്ഥാന സൗകര്യ പദ്ധതികള് എന്നിവ ഉള്പ്പെടെയുള്ള ഒബ്രഡോറിന്റെ നയങ്ങള് തുടരുമെന്നും ഷെയിന്ബോം പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us