ലോങ്വേ: ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡൻ്റ് സോലോസ് ചിലിമി സഞ്ചരിച്ച സൈനിക വിമാനം കാണാതായി. വിമാനത്തിൽ വൈസ് പ്രസിഡന്റിനെ കൂടാതെ ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു എന്നാണ് വിവരം. വിമാനത്തിനായുള്ള തെരച്ചിൽ പുരോഗമിച്ച് വരികയാണ്.
പ്രാദേശിക സമയം രാവിലെ 9:00 ന് ശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. തലസ്ഥാനമായ ലോങ്വേയിൽ നിന്ന് പുറപ്പെട്ടെ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്നാണ് വിവരം. റഡാറിൽ നിന്ന് വിമാനം കാണാതായത് മുതൽ വിമാനവുമായി ബന്ധപ്പെടാനുള്ള വ്യോമയാന അധികൃതരുടെ എല്ലാ ശ്രമങ്ങളും ഇതുവരെ പരാജയപ്പെട്ടതായി മലാവി പ്രസിഡൻ്റ് അറിയിച്ചു. വ്യോമയാന ഉദ്യോഗസ്ഥർക്ക് വിമാനവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് തിരച്ചിൽ നടത്താൻ പ്രസിഡൻ്റ് ഉത്തരവിടുകയായിരുന്നു.
പത്തരയോടെ മലാവിയുടെ വടക്കൻ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. വൈസ് പ്രസിഡൻ്റ് സോലോസ് ചിലിമയുടെ ഭാര്യ മേരിയും ചിലിമയുടെ രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിലെ നേതാക്കളും അടക്കമുള്ളവരാണ് കാണാതായ വിമാനത്തിലുള്ളത്. മൂന്ന് ദിവസം മുമ്പ് അന്തരിച്ച മുൻ കാബിനറ്റ് മന്ത്രി റാൽഫ് കസംബരയുടെ സംസ്കാര ചടങ്ങിൽ സർക്കാരിനെ പ്രതിനിധീകരിക്കാൻ പുറപ്പെട്ടതായിരുന്നു സംഘം. 2014 മുതൽ മലാവിയുടെ വൈസ് പ്രസിഡൻ്റാണ് ചിലിമ. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുന്നേ യൂണിലിവർ, കൊക്ക കോള തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിൽ അദ്ദേഹം നേതൃപരമായ ചുമതലകൾ വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന് രണ്ട് കുട്ടികളാണ് ഉളളത്.
കഴിഞ്ഞ മാസമാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്. റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര് പൂര്ണമായും കത്തിനശിച്ച നിലയിലാണ് കണ്ടെത്തിത്. വിദേശകാര്യ മന്ത്രി അമീര് അബ്ദുല്ലാഹിയാന്, പ്രവിശ്യാ ഗവര്ണര് മാലിക് റഹ്മതി, ഇറാന് പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും കൊല്ലപ്പെട്ടിരുന്നു. യാത്രാസംഘത്തിന്റെ മൂന്നു ഹെലികോപ്റ്ററുകളിൽ രണ്ടെണ്ണവും സുരക്ഷിതമായി ഇറാനിൽ മടങ്ങിയെത്തിയെങ്കിലും പ്രസിഡന്റ് റെയ്സിയും വിദേശകാര്യ മന്ത്രിയും കയറിയ ഹെലികോപ്റ്റർ മാത്രം മൂടൽ മഞ്ഞിൽ കാണാതാവുകയായിരുന്നു.