ഭൂമിയുടെ അകക്കാമ്പിന്റെ ചലനം സാധാരണയിൽ നിന്ന് വ്യത്യസ്തമായി മന്ദഗതിയിലായതായി ശാസ്ത്രജ്ഞർ. സതേൺ കാലിഫോർണിയ സർവകലാശാലയിലെ (യുഎസ്സി) ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ഉപരിതലത്തേക്കാൾ വേഗത്തിൽ അകക്കാമ്പ് കറങ്ങുമെന്നായിരുന്നു നേരത്തെ പഠനങ്ങൾ തെളിയിച്ചിരുന്നത്. എന്നാൽ, 2010 മുതൽ ഭൂമിയുടെ ആന്തരിക ഭാഗം ഭ്രമണം ചെയ്യുന്നതിന്റെ വേഗത കുറഞ്ഞെന്നും ഉപരിതലത്തേക്കാൾ പതുക്കെയാണ് കറങ്ങുന്നതെന്നും പഠനം പറയുന്നു. നേച്ചർ ജേണലിലാണ് ഇക്കാര്യം വിശദമാക്കുന്നത്.
ഈ മാറ്റം ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം. ദിവസ ദൈർഘ്യത്തിൽ സെക്കൻ്റിൻ്റെ അംശത്തിൽ മാറ്റം വരുമെന്നും പഠനം വ്യക്തമാക്കുന്നു. ദീർഘ കാലത്തെ നിരീക്ഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ലഭിച്ച ഫലത്തിൽ അകക്കാമ്പ് പതിയെയാണ് കറങ്ങുന്നതെന്ന് തെളിഞ്ഞെന്ന് പഠനത്തിന് നേതൃത്വം വഹിച്ചവരിൽ ഒരാളായ യുഎസ്സി ഡോർൺസൈഫ് കോളേജ് ഓഫ് ലെറ്റേഴ്സ്, ആർട്സ് ആൻഡ് സയൻസസിലെ എർത്ത് സയൻസസ് പ്രൊഫസറായ ജോൺ വിഡേൽ പറഞ്ഞു.