ഒട്ടാവ: അടുത്ത വർഷത്തെ ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അടുത്ത വർഷത്തെ ജി 7 ഉച്ചകോടിയിലേക്ക് ഉറ്റുനോക്കുന്നുവെന്നാണ് ചോദ്യത്തിന് ട്രൂഡോ മറുപടി നൽകിയത്. ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ട്രൂഡോയുടെ പ്രതികരണം പ്രസക്തമാകുന്നത്.
ജി7 കൂട്ടായ്മയുടെ പ്രസിഡന്റായി ഈ വർഷം ഇറ്റലി തുടരും. പ്രധാനമന്ത്രി മെലോനിക്കൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്ന് ട്രൂഡോ പറഞ്ഞു. കാനഡയിലെ കനാൻസ്കിലാണ് 2025 ലെ ജി7 ഉച്ചകോടി നടക്കുക. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം കാനഡ പ്രഖ്യാപിച്ചത്. യുഎസ്, യുകെ, കാനഡ, ജെർമനി, ഇറ്റലി, ജപ്പാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7.
ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിൽ നടന്ന 2024 ലെ ജി 7 ഉച്ചകോടിയിൽ ഇന്ത്യ ക്ഷണിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി ഇറ്റലിയിലെത്തി ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ആദ്യ വിദേശ പരിപാടിയായിരുന്നു ഇത്.
വെള്ളിയാഴ്ച മോദിയും ട്രൂഡോയും ഇറ്റലിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് കനേഡിയൻ പ്രധാനമന്ത്രിയിൽ നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായിരിക്കുന്നത്. ഖലിസ്ഥാന അനുകൂല സംഘടനകളുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം വഷളായ ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇറ്റലിയിലെ അപുലിയയിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മോശമായത്.
'മോദി ജി സ്മൈൽ പ്ലീസ്...'; ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമൊത്തുള്ള സെൽഫി വീഡിയോ വൈറൽ