'ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം'; ജപ്പാനിൽ അപൂർവ്വ ബാക്ടീരിയ പടരുന്നു

സ്ട്രെപ്റ്റോകോക്കൽ എന്ന രോഗം കഴിഞ്ഞ വർഷം 941 പേരെയാണ് ജപ്പാനിൽ ബാധിച്ചതെങ്കിൽ ഈ വർഷം ജൂൺ രണ്ടിനകം 977 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ജപ്പാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ റിപ്പോർട്ടിൽ പറയുന്നത്

dot image

ടോക്കിയോ: മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ മാരകമാകുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്ന അപൂർവ ബാക്ടീരിയ ജപ്പാനിൽ പടരുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെയാണ് പുതിയ ബാക്ടീരിയയുടെ വ്യാപനമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന രോഗമാണ് കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുന്നത്.

സ്ട്രെപ്റ്റോകോക്കൽ എന്ന രോഗം കഴിഞ്ഞ വർഷം 941 പേരെയാണ് ജപ്പാനിൽ ബാധിച്ചതെങ്കിൽ ഈ വർഷം ജൂൺ രണ്ടിനകം 977 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ജപ്പാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ റിപ്പോർട്ടിൽ പറയുന്നു.ജനുവരി മുതൽ മാർച്ച് വരെ 77 പേർ അണുബാധ മൂലം മരിച്ചു. നിലവിലെ രോഗബാധാനിരക്ക് തുടർന്നാൽ ഈ വർഷം 2500 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തൽ. 30 ശതമാനം മരണനിരക്കാണ് ഈ രോഗത്തിനു കണക്കാക്കുന്നത്.

ഈ രോഗം ബാധിക്കുന്നവർക്ക് തുടക്കത്തിൽ പനി, പേശി വേദന, ഛർദ്ദി എന്നിവ അനുഭവപ്പെടാറുണ്ട്. അൻപതു വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വസന പ്രശ്നങ്ങൾക്കും കോശനാശത്തിനും കാരണമാകുകയും അങ്ങനെ മരണത്തിനിടയാക്കുകയും ചെയ്യാം.ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന രോഗം കുട്ടികളിൽ തൊണ്ടയിടർച്ചയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. 2022 ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.

ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കി, രേണുകാസ്വാമി കൊലക്കേസിൽ നീതി ലഭിക്കണം: കിച്ചാ സുദീപ്
dot image
To advertise here,contact us
dot image