പാരീസ്: 20 വർഷത്തോളം ശമ്പളം സമയത്തിന് കിട്ടിയിട്ടും ജോലിയൊന്നും നൽകാത്തതിന് തൊഴിലുടമയ്ക്കെതിരെ പരാതി യുവതി. ലോറൻസ് വാൻ വാസെൻഹോവ് എന്ന യുവതിയാണ് തൊഴിലുടമയ്ക്കെതിരെ പരാതി നൽകിയത്.
ഫ്രാൻസിലാണ് ഈ 'മാസപ്പടി' സംഭവം. ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ഓറഞ്ചിനെതിരെയാണ് പരാതി. വർഷങ്ങളായി ഈ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു വാസെൻഹോവ്. ജന്മനാ വൈകല്യമുള്ള ആളുമാണ്. ഇത് പരിഗണിച്ച കമ്പനി തന്നെ മറ്റൊരു ഡിപ്പാർട്മെന്റിലേക്ക് മാറ്റിയെന്നും ജോലിയൊന്നും നൽകിയില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.
1993ലാണ് വാസെൻഹോവ് ഓറഞ്ച് ടെലികമ്മ്യൂണിക്കേഷൻസിൽ ജോലിക്ക് ചേരുന്നത്. 2002ൽ സ്ഥാനക്കയറ്റത്തിന് അപേക്ഷ നൽകിയപ്പോൾ അത് ലഭിച്ചു. എന്നാൽ പുതിയ ജോലിയിൽ വാസെൻഹോവിന് വേണ്ടത്ര തിളങ്ങാനാകാത്തതിനാൽ കമ്പനി പിന്നീട് ജോലികളൊന്നും നൽകിയില്ല. തുടർന്ന് ശമ്പളം മാത്രം കൈപ്പറ്റുന്ന ആളായി മാത്രം വാസെൻഹോവ് മാറി.
തനിക്ക് സ്വയം നിർത്തിപ്പോകണമെന്ന് തോന്നിക്കാൻ വേണ്ടിയാണ് കമ്പനി ഈ കടുംകൈ ചെയ്തതെന്ന് യുവതി ആരോപിക്കുന്നു. ശാരീരിക അവശതയുള്ള, നിരവധി ബുദ്ധിമുട്ടുകളുള്ള തനിക്ക് ഈ അവസ്ഥ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായും യുവതി പറയുന്നു.